പാലക്കാട്: ഇടതുസർക്കാരിന്റെ അവസാന കാലയളവിൽ ഉദ്ഘാടനം നിർവഹിക്കപ്പെട്ട ‘മിന്നൽ മാജിക്’ മദ്യ ബ്രാൻഡിന്റെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്താൻ സർക്കാർ തീരുമാനം.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി എം.ലിജു വ്യക്തമാക്കി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി നേരിട്ട് അവലോകനം നടത്തിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് അന്നത്തെ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ച പദ്ധതിക്കെതിരെ അഴിമതിയാരോപണങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നിരുന്നു. ഉദ്ഘാടന വേളയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയാകാതിരുന്നതും മദ്യത്തിന് നൽകിയ പേര് സംബന്ധിച്ച വിവാദങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ഭരണപക്ഷത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകൾ പോലും പദ്ധതിയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. നിലവിൽ മദ്യനിർമാണത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും പ്ലാന്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടര ലക്ഷം ലീറ്റർ സ്പിരിറ്റും ഗ്രേപ് സ്പിരിറ്റും നിലവിൽ സ്റ്റോക്കുണ്ട്. ഇവ ഉപയോഗിച്ച് പ്രതിദിനം 9,000 കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അര ലീറ്റർ കുപ്പികളിലായാണ് ഈ ബ്രാൻഡി വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ ലേബലിംഗ് ജോലികൾക്കായി കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിൽ സർക്കാരിന് വിയോജിപ്പുണ്ട്.
വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് ശേഷം മന്ത്രി ജില്ലയിലെത്തി കൂടുതൽ കാര്യങ്ങൾ വിലയിരുത്തുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

