കൊല്ലം ബൈപാസ് റോഡിന്റെ ഭാഗമായ പാലത്തറയിലെ ഉയരപ്പാതയിൽ വിള്ളൽ കണ്ടെത്തി. നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത 66-ൽ കഴിഞ്ഞദിവസം രാവിലെയോടെയാണ് ഏകദേശം 10 മീറ്റർ നീളത്തിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ കമ്പനി പ്രതിനിധികളും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. റോഡിന്റെ ഉപരിതലത്തിൽ മാത്രമാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും, ഘടനാപരമായ സുരക്ഷയെ ബാധിക്കുന്ന തകരാറുകളൊന്നും നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
തുടർനടപടികളുടെ ഭാഗമായി, ഉച്ചയോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വിള്ളൽ രൂപപ്പെട്ട ഭാഗത്തെ ടാർ പൂർണ്ണമായും നീക്കം ചെയ്തു.
ഈ ഭാഗത്ത് വേഗത്തിൽ പുനർനിർമ്മാണം നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൻ ഓഫീസർ അറിയിച്ചു. കാവനാട് ഭാഗത്തുള്ള ഉയരപ്പാതയിലും നേരത്തേ സമാനമായ രീതിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
അന്ന് അറ്റകുറ്റപ്പണികൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. കൂടാതെ, മേവറത്ത് മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് പുതിയ തൂണുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ദേശീയപാതയുടെ നിർമ്മാണ മേഖലയിൽ തുടർച്ചയായി വിള്ളലുകൾ കണ്ടുവരുന്നത് യാത്രക്കാർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

