പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കരാർ നിലവിൽ വരുന്നതോടെ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ഗതാഗതത്തിനായി ഉടൻ തുറന്നുനൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. “ഞായറാഴ്ച കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഹോർമുസ് തുറന്നുനൽകും” – എന്ന് അദ്ദേഹം കുറിച്ചു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തുണ്ടായിരുന്ന കരാറിനെ രൂക്ഷമായി വിമർശിച്ച ട്രംപ്, ഇറാനെ ആണവായുധ നിർമ്മാണത്തിലേക്ക് വേഗത്തിൽ നയിക്കുന്നതായിരുന്നു ആ കരാറെന്നും ആരോപിച്ചു.
അതേസമയം, ഞായറാഴ്ച തന്നെ കരാർ ഒപ്പുവെക്കുമെന്ന അവകാശവാദത്തെ ഇറാൻ നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. “എന്നാണ് കരാറിൽ ഒപ്പുവെക്കുക എന്നത് കാത്തിരുന്ന് കാണുക.
അതെന്തായാലും നാളെയല്ല. വരുംദിവസങ്ങളിൽ കരാർ യാഥാർഥ്യമായേക്കും.
എന്നാൽ ഇതിനെക്കുറിച്ച് ശ്രദ്ധയോടെ മാത്രമേ പ്രതികരിക്കൂ” – ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള കരാറിന്റെ അടിസ്ഥാന ചട്ടക്കൂടിന് ഇരുരാജ്യങ്ങളും അംഗീകാരം നൽകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

