തേവര സേക്രട്ട് ഹാർട്ട് കോളേജിലെ പഠനകാലത്താണ് വി ഡി സതീശൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് കടന്നുവരുന്നത്. കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായും തുടർന്ന് മൂന്നുതവണ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും അദ്ദേഹം പ്രവർത്തിച്ചു.
എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അന്ന് എസ്എഫ്ഐ – കെഎസ്സി സഖ്യത്തോട് പരാജയം നേരിടേണ്ടി വന്നു. തുടർന്ന് രാജഗിരി കോളേജിൽ പഠനം തുടരവേ വീണ്ടും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
1987-ൽ എംജി സർവകലാശാല യൂണിയൻ ചെയർമാനായി അദ്ദേഹം അധികാരമേറ്റു. എറണാകുളത്ത് വെച്ച് നടന്ന എംജി സർവകലാശാലാ യുവജനോത്സവമായ ‘ഉത്സവ് 87’ അദ്ദേഹത്തിന്റെ സംഘാടക മികവിന് മികച്ച ഉദാഹരണമായി മാറി.
അക്കാലത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പിഎൻ ശ്രീകുമാറിന്റെ ശേഖരത്തിലുള്ള അപൂർവ്വ ചിത്രങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാല നാളുകളെ അടയാളപ്പെടുത്തുന്നു. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.
തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമബിരുദം നേടിയ ശേഷം കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. പിന്നീട് എൻഎസ്യു ദേശീയ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി.
1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ കെ ആന്റണിയുടെ പിന്തുണയോടെ ഇടതുപക്ഷ സ്വാധീനമുള്ള പറവൂരിൽ സ്ഥാനാർത്ഥിയായി. സംസ്ഥാനത്താകെ ഇടതു തരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും സ്വന്തം കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പതറാതെ പറവൂർ മണ്ഡലത്തിൽ തന്നെ പ്രവർത്തനം തുടർന്ന സതീശൻ 2001-ൽ 7434 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തി. തുടർന്ന് 2006, 2011, 2016, 2021 വർഷങ്ങളിലും പറവൂർ മണ്ഡലം അദ്ദേഹത്തെ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

