എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം–അരീക്കോട് റൂട്ടിൽ ഓടത്തെരുവ് ഭാഗം ഇപ്പോൾ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുന്നു. റോഡരികിൽ തണൽ വിരിച്ചു നിൽക്കുന്ന ഞാവൽമരങ്ങളിൽ ഇപ്പോൾ പഴങ്ങൾ സമൃദ്ധമായി വിളഞ്ഞുനിൽക്കുകയാണ്.
യാത്രക്കാർക്ക് വിശ്രമവേളകളിൽ മതിവരുവോളം ഞാവൽ പഴങ്ങൾ പറിച്ച് കഴിക്കാവുന്ന മനോഹരമായ കാഴ്ചയാണിവിടെയുള്ളത്. അരീക്കോട് സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അബ്ദുക്ക എന്ന വ്യക്തിയുടെ ദീർഘവീക്ഷണമാണ് ഈ മരങ്ങളുടെ പിന്നിലുള്ളത്.
വർഷങ്ങൾക്ക് മുമ്പ് താൻ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങളാണ് ഇന്ന് പാതയോരത്ത് തണലും ഫലവും ഒരുക്കുന്നത്. ഓടത്തെരുവ് കറുത്തപറമ്പ് മുതൽ അരീക്കോട് വരെയുള്ള പാതയോരങ്ങളിൽ ഇദ്ദേഹം നൂറുകണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിച്ചിരുന്നത്.
സംസ്ഥാന പാത വികസനപ്രവർത്തനങ്ങൾക്കിടെ ഈ മരങ്ങളിൽ പലതും മുറിച്ചുമാറ്റേണ്ടി വന്നെങ്കിലും, തന്റെ ദൗത്യം തുടരാൻ അബ്ദുക്ക തയ്യാറായി. റോഡ് നവീകരണത്തിനായി നീക്കം ചെയ്ത മരങ്ങൾക്ക് പകരമായി പുതിയ തൈകൾ അദ്ദേഹം വച്ചുപിടിപ്പിക്കുന്നുണ്ട്.
വഴിയാത്രക്കാർക്ക് വേനലിൽ തണലും ദാഹമകറ്റാൻ പ്രകൃതിദത്തമായ പഴങ്ങളും ഒരുക്കുന്ന അബ്ദുക്കയുടെ ഈ നിസ്വാർത്ഥ സേവനം നാട്ടുകാർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

