ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് നിർണ്ണായക നേട്ടവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. റെയിൽവേ ശൃംഖല ഉപയോഗപ്പെടുത്തി കമ്പനി വിതരണം ചെയ്ത വാഹനങ്ങളുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വർഷമായി റെയിൽ മാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് കമ്പനി വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനമായിരുന്ന റെയിൽ അധിഷ്ഠിത ലോജിസ്റ്റിക്സ് പങ്കാളിത്തം, 2025-26 വർഷത്തോടെ 26.5 ശതമാനമായി ഉയർത്താൻ കമ്പനിക്ക് സാധിച്ചു.
രണ്ട് ദശലക്ഷത്തിൽ നിന്നും മൂന്ന് ദശലക്ഷം എന്ന നേട്ടത്തിലേക്ക് എത്തിയത് വെറും 21 മാസം കൊണ്ടാണ്. മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ദശലക്ഷം നാഴികക്കല്ലാണിത്.
ഈ നേട്ടത്തെക്കുറിച്ച് മാരുതി സുസുക്കി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഹിസാഷി ടകേച്ചി പ്രതികരിച്ചത് ഇങ്ങനെയാണ്: “റെയിൽവേ വഴി മൂന്ന് ദശലക്ഷം വാഹനങ്ങൾ അയച്ചത് മാരുതി സുസുക്കിയുടെ പരിസ്ഥിതി സൗഹൃദ ലോജിസ്റ്റിക്സ് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2014 മുതൽ ഞങ്ങളുടെ റെയിൽ അധിഷ്ഠിത വാഹനങ്ങൾ ഒമ്പത് മടങ്ങ് വർദ്ധിച്ചു, ഇപ്പോൾ കമ്പനിയുടെ മൊത്തം വാഹന വിതരണത്തിന്റെ 26.5% സംഭാവന ചെയ്യുന്നു.” പരിസ്ഥിതി സൗഹൃദ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറിനായി 1,372 കോടി രൂപയിലധികം മാരുതി സുസുക്കി ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഹിസാഷി ടകേച്ചി കൂട്ടിച്ചേർത്തത് ഇപ്രകാരമാണ്: “ഞങ്ങളുടെ ഹൻസൽപൂർ, മനേസർ നിർമ്മാണ പ്ലാന്റുകളിൽ റെയിൽവേ സൈഡിംഗുകളുടെ വികസനം, പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ റെയിൽ യാർഡുകൾ സ്ഥാപിക്കൽ, പ്രത്യേക ഓട്ടോമോട്ടീവ് റേക്കുകൾ വാങ്ങൽ, നിരവധി അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സംയോജിത, മൾട്ടിമോഡൽ ലോജിസ്റ്റിക്സിനായി ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും കാര്യക്ഷമവും, റെയിൽ അധിഷ്ഠിതവും, സുസ്ഥിരവുമായ ചരക്ക് ഗതാഗതത്തിലേക്കുള്ള വ്യവസായത്തിന്റെ പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്ത ദീർഘവീക്ഷണമുള്ള പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന് ഇന്ത്യാ ഗവൺമെന്റിനോട് ഞങ്ങൾ നന്ദി പറയുന്നു.” 2013 മെയ് മാസത്തിൽ ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി.
2030-31 സാമ്പത്തിക വർഷത്തോടെ റെയിൽ മാർഗ്ഗമുള്ള വിതരണം 35 ശതമാനമായി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും റോഡ് ഗതാഗതത്തിലെ തിരക്ക് ലഘൂകരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

