തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമായ ‘ദ പാരഡൈസ്’ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആഗോള തലത്തിൽ വൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്.
ഇതുവരെ 198 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ ‘വെൽകം ടു പാരഡൈസ്’ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
ഇതിനോടകം പുറത്തിറങ്ങിയ “ആയാ ഷേർ”, “യേഷാ നഗുല” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെത്തിച്ചിരിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്.
‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണിത്. വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ഈ ചിത്രം, ഒരു അമ്മ – മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണെന്ന് നടൻ നാനി വ്യക്തമാക്കിയിരുന്നു.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയി ഒരുക്കിയ ചിത്രത്തിൽ, ജദാൽ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷമായ വിക്രം മാലിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീകാന്ത് ഒഡേല നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

