എറണാകുളം നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് കൽപറ്റ മടക്കിമലയിലെ കുടുംബത്തിന്റെ വലിയ പ്രതീക്ഷകളായിരുന്നു. ‘അവൾ വയനാട് ജില്ലാ സോഫ്റ്റ്ബോൾ ടീമിനു വേണ്ടി സംസ്ഥാന തലത്തിൽ കളിച്ചിട്ടുണ്ട്, നന്നായി ഭരതനാട്യവും ചെയ്യുമായിരുന്നു’ എന്ന് മാതാവ് സരിത ഓർത്തെടുത്തു.
ദേവികയ്ക്ക് ലഭിച്ച നിരവധി മെഡലുകളും ട്രോഫികളും നോക്കിയായിരുന്നു ആ വേർപാടിൽ കുടുംബത്തിന്റെ കണ്ണീർ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബത്തിന്റെ വലിയൊരു ആശ്വാസമായിരുന്നു ദേവിക.
എത്രയും പെട്ടെന്ന് പഠനം പൂർത്തിയാക്കി വിദേശത്തേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. എറണാകുളത്തെ വിദ്യാഭ്യാസകാലയളവിൽ ഒരു ഘട്ടത്തിൽ പോലും വീട്ടുകാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ അവൾ തയ്യാറായിരുന്നില്ല.
പകരം, സ്വന്തമായി ജോലി ചെയ്തു പഠനം മുന്നോട്ട് കൊണ്ടുപോയി. തന്നെ പഠിപ്പിക്കാൻ മാതാപിതാക്കൾ അനുഭവിച്ച കഷ്ടപ്പാടുകൾ സഹോദരനായ ദേവാനന്ദിന് ഉണ്ടാകില്ലെന്ന് ദേവിക പലപ്പോഴും ആശ്വസിപ്പിച്ചിരുന്നതായി അമ്മ സരിത വേദനയോടെ പറയുന്നു.
പഠനത്തിൽ അതീവ മിടുക്കിയായിരുന്ന ദേവിക, പത്തിലും പന്ത്രണ്ടിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. ഏവിയേഷൻ, ബിബിഎ കോഴ്സുകളിലുള്ള താല്പര്യം കാരണം സ്വയമേവയാണ് അവൾ ആ പഠനമേഖല തിരഞ്ഞെടുത്തത്.
അവിടെയും മികച്ച വിജയമാണ് അവൾ നേടിയത്. കഴിഞ്ഞ മാസമായിരുന്നു ദേവികയുടെ ബിരുദദാന ചടങ്ങ്.
ആ സന്തോഷ മുഹൂർത്തത്തിൽ കുടുംബം മുഴുവൻ എറണാകുളത്ത് എത്തി അവളെ കണ്ടിരുന്നു. എന്നാൽ, അവിടെ പാർട്ടൈം ജോലി ചെയ്തുവരുന്നതിനിടയിലാണ് ആ ദുരന്തം തേടിയെത്തിയത്.
ഇനി തങ്ങൾക്ക് താങ്ങായി ആരും ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം നെഞ്ചുപൊട്ടിയാണ് ഈ കുടുംബം ഉൾക്കൊള്ളുന്നത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും തങ്ങൾക്ക് അർഹമായ നീതി ലഭ്യമാക്കണമെന്നും സരിത ആവശ്യപ്പെട്ടു.
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി അപകടത്തിൽ പ്രതി സുഹൈൽക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണമെന്നാണ് മരിച്ച ദേവികയുടെ കുടുംബത്തിന്റെ ശക്തമായ ആവശ്യം. നിലവിൽ പോലീസ് ചാർജ് ചെയ്തിട്ടുള്ള മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം മാറ്റണമെന്നും അവർ ആവശ്യപ്പെടുന്നു.
മടക്കിമലയിലെ വസതിയിൽ വെച്ച് അച്ഛൻ സന്തോഷ് കുമാർ, അമ്മ സരിത, അമ്മയുടെ സഹോദരൻ കെ.പി. സന്ദീപ് കുമാർ എന്നിവർ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.
പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിൽ പ്രതി കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം ആശങ്കപ്പെടുന്നു. തങ്ങൾ സാധാരണക്കാരായ ദരിദ്ര കുടുംബമായതിനാൽ നിയമപോരാട്ടത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ സഹായം ഉണ്ടാകണമെന്നാണ് ഇവരുടെ അപേക്ഷ.
അപകടസമയത്ത് പ്രതി മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നും, സമഗ്രമായ അന്വേഷണം നടത്തി കൂടുതൽ ഗൗരവമേറിയ വകുപ്പുകൾ ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റിമാൻഡിലായ പ്രതി സുഹൈലിനെ ജയിലിൽ പ്രത്യേക പരിഗണനയുള്ള ബ്ലോക്കിൽ പാർപ്പിച്ചിരിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
എന്നാൽ ഒരുവിധത്തിലുള്ള പ്രത്യേക പരിഗണനയും അർഹമല്ലാത്ത പ്രതിയാണ് ഇയാൾ. കുറ്റം മനഃപൂർമാണോയെന്ന് കർശനമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, ടി. സിദ്ദീഖ് എന്നിവർ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആ ഉറപ്പിലാണ് തങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും കുടുംബം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

