മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിൽ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ ഇന്നു പ്രതിഷേധം അരങ്ങേറിയേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിമാർ, വിദ്യാർത്ഥി സംഘടനാ നേതാക്കൾ, പൗരസമൂഹ പ്രതിനിധികൾ എന്നിവർക്കായി ചായസൽക്കാരം ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് 4 മണിക്ക് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ചായസൽക്കാരത്തിന് ശേഷം ‘ഇന്ത്യ’ മുന്നണിയുടെ സംയുക്ത വാർത്താസമ്മേളനം ഉണ്ടാകുമെന്നാണ് വിവരം.
നിലവിലുള്ള സമര പരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് സഖ്യത്തിലെ പല പ്രമുഖ നേതാക്കളുടെയും അഭിപ്രായം. പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇന്ന് മുതൽ ഡൽഹിയിൽ എത്തിച്ചേരും.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ‘ഇന്ത്യ’ മുന്നണിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മുന്നണി സമർപ്പിച്ച ഹർജിയിൽ ചില സാങ്കേതിക പിഴവുകൾ ഉള്ളതായി സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
ഹർജിയിൽ ആകെ 14 പിഴവുകൾ ഉള്ളതായി സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ തകരാറുകൾ പരിഹരിച്ച ശേഷം മാത്രമേ ഹർജി ഔദ്യോഗികമായി കോടതിയുടെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

