കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാൻ കേന്ദ്ര ഏജൻസി ആസൂത്രണം ചെയ്ത പദ്ധതി കടുത്ത അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്ന് സമ്മതപത്രം ശേഖരിച്ചിരുന്നെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
നിലവിൽ കേന്ദ്ര ഏജൻസി വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കില്ലെന്നുമാണ് ബിജെപി വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ കർഷകരിൽ നിന്ന് കേന്ദ്ര ഏജൻസിയായ നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ അഥവാ എൻസിസിഎഫ് സമ്മതപത്രം വാങ്ങിയത്.
കാർഷിക കയറ്റുമതി ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി, തിരഞ്ഞെടുത്ത മേഖലകളിൽ നിന്ന് ഉയർന്ന ഗുണനിലവാരമുള്ള നെല്ല് ശേഖരിക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ 5 പഞ്ചായത്തുകളിൽ നിന്നായി 500 കർഷകരിൽ നിന്ന് സമ്മതപത്രം കൈപ്പറ്റിയിരുന്നു.
ആദ്യഘട്ടത്തിൽ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നായി 50,000 ടൺ നെല്ല് സംഭരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനത്തിനപ്പുറം പിന്നീട് യാതൊരുവിധ നടപടികളും ഉണ്ടായില്ല.
തിരഞ്ഞെടുപ്പ് കാലത്ത് വലിയ വാഗ്ദാനങ്ങൾ നൽകി കർഷകരെ കബളിപ്പിച്ചു എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം, കയറ്റുമതി നടപടികൾക്ക് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

