റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇളവുകൾ നിഷേധിച്ച സാഹചര്യത്തിൽ ടാറ്റ സൺസിനു മുന്നിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയല്ലാതെ മറ്റു വഴികളില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അപ്പർലെയർ എൻബിഎഫ്സി വിഭാഗത്തിലുള്ള കമ്പനികൾ വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് ആർബിഐ ചട്ടം.
ഇതിൽ ഇളവ് തേടി ടാറ്റ സൺസ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് തള്ളിയിരുന്നു. എന്നാൽ ഈ തീരുമാനം മുൻകൂട്ടി കണ്ടിരുന്നതാണെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
ടാറ്റ ഗ്രൂപ്പിനു മാത്രം പ്രത്യേക ഇളവുകൾ നൽകിയാൽ അത് ഭാവിയിൽ വലിയ നിയമപരമായ വെല്ലുവിളികൾക്കും സമാനമായ ആവശ്യങ്ങളുമായി മറ്റ് പ്രമുഖ കമ്പനികൾ രംഗത്തു വരുന്നതിനും കാരണമായേക്കാം. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് ആർബിഐ എത്തിയത്.
നിയമപരമായ നീക്കങ്ങൾക്ക് സാധ്യത
റിസർവ് ബാങ്കിന്റെ ഈ നിലപാടിനെതിരെ ടാറ്റ സൺസ് കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിയമ വിദഗ്ധർ തള്ളിക്കളയുന്നില്ല. എൻബിഎഫ്സികൾക്ക് കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സിഐസി) ആയി തുടരാൻ മുൻകാലങ്ങളിൽ ആർബിഐ അനുമതി നൽകിയിട്ടുള്ള വസ്തുത ഇവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
സാംഗ്വി ഫിനാൻസ് പോലുള്ള കമ്പനികളുടെ കാര്യമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൺ ഫാർമസ്യൂട്ടിക്കൽ ഉടമ ദിലിപ് സാംഗ്വിയുടെ ഉടമസ്ഥതയിലുള്ള സാംഗ്വി ഫിനാൻസിന് 2023-ലാണ് സിഐസിയായി തുടരാനുള്ള അനുമതി ലഭിച്ചത്.
ഏതെങ്കിലും ഒരു പ്രമുഖ കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സെബിക്കോ ആർബിഐക്കോ നിയമപരമായ അധികാരമില്ലെന്നും ചില നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഐപിഒ നൽകുന്ന നേട്ടങ്ങൾ
അതേസമയം, പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) ടാറ്റ സൺസ് വിപണിയിലെത്തുന്നത് നിലവിലുള്ള നിക്ഷേപകർക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടമാകും സമ്മാനിക്കുക.
ഇതിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഷപോർജി പല്ലോൻജി ഗ്രൂപ്പിനാണ് (എസ്പി ഗ്രൂപ്പ്). ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരിയാണ് ഈ ഗ്രൂപ്പിനുള്ളത്.
കൂടാതെ, ടാറ്റ സൺസിൽ ഓഹരിയുള്ള മറ്റ് ഏഴ് ടാറ്റ ലിസ്റ്റഡ് കമ്പനികൾക്കും ഈ നീക്കം ഗുണം ചെയ്യും. ടാറ്റ കമ്പനികളുടെ മാതൃസ്ഥാപനത്തിൽ നേരിട്ട് നിക്ഷേപം നടത്താനുള്ള സുവർണാവസരമാണ് ഇതിലൂടെ റീട്ടെയ്ൽ നിക്ഷേപകർക്ക് തുറക്കപ്പെടുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത ഡിജിറ്റൽ സർവീസ്, ഇലക്ട്രോണിക്സ്, ഏവിയേഷൻ തുടങ്ങി വിവിധ ബിസിനസുകളിലും സാധാരണക്കാർക്ക് നിക്ഷേപം നടത്താൻ ഇതിലൂടെ അവസരമൊരുങ്ങും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അതിവേഗം സമാഹരിക്കാനും ടാറ്റ സൺസിന് സാധിക്കും.
ടാറ്റ സൺസിന്റെ ഐപിഒയും ലിസ്റ്റിങ്ങും അടക്കമുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിക്കാൻ ചുരുങ്ങിയത് മൂന്നു മുതൽ ആറു മാസം വരെ സമയമെടുക്കും. ഐപിഒയ്ക്കായി സെബിക്ക് ഔദ്യോഗിക അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് എൻബിഎഫ്സി വിഭാഗത്തിലെ എല്ലാ ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് കമ്പനിക്ക് ഉറപ്പുവരുത്തേണ്ടി വരും.
അതോടൊപ്പം പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതും നിർണായകമായ ഘട്ടമാണ്. ഉയരുന്ന ആശങ്കകളും വാദങ്ങളും
പബ്ലിക് കമ്പനിയായി രൂപം മാറിക്കഴിഞ്ഞാൽ ടാറ്റ സൺസിലെ ടാറ്റ ട്രസ്റ്റുകളുടെ നിയന്ത്രണവും സ്വാധീനവും കുറയുമെന്നതാണ് പ്രധാനമായും ഉയരുന്ന ആശങ്ക.
കൂടാതെ, കമ്പനിയിലേക്ക് വിദേശ നിക്ഷേപകരും വൻകിട സ്ഥാപന നിക്ഷേപകരും കടന്നുവരും.
ഇവർ ചുരുങ്ങിയ കാലയളവ് കൊണ്ട് ഉയർന്ന ലാഭം ലക്ഷ്യമിടുന്നവരായിരിക്കും എന്നത് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പരമ്പരാഗത മൂല്യങ്ങളെ ബാധിക്കാമെന്നും വാദമുണ്ട്. ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും കമ്പനി പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ സഹായിക്കാൻ ഇത്തരത്തിലുള്ള നിക്ഷേപകർ മുന്നോട്ടുവന്നേക്കില്ലെന്ന് നോയലുമായി ബന്ധപ്പെട്ട
വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ടാറ്റ സൺസിന്റെ ഐപിഒ നടപടികൾ നിലവിലെ സാഹചര്യത്തിൽ അനുയോജ്യമായ സമയത്തല്ല നടപ്പിലാക്കുന്നത് എന്ന വാദമാണ് ടാറ്റ ട്രസ്റ്റിലെ മുൻ ട്രസ്റ്റികളിൽ ഒരാളായ എൻ.എ.സുനാവാല മുന്നോട്ടുവെക്കുന്നത്.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി പുതിയ ബിസിനസുകൾ ടാറ്റ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്തിട്ടുണ്ട് ഇവയെല്ലാം നിലവിൽ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങളിലൂടെ മാത്രം ഭാവിയിൽ ലാഭകരമാക്കാൻ കഴിയുന്ന ബിസിനസുകളാണിത്.
ഇത്തരം ബിസിനസുകളുടെ നഷ്ടക്കണക്കുകൾ കൂടി സാമ്പത്തിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ശേഷമേ ഐപിഒയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഇത് പൊതുനിക്ഷേപകരുടെ താൽപര്യം കുറയാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഈ കമ്പനികൾ എല്ലാം പൂർണമായും ലാഭത്തിലേക്ക് എത്തിയ ശേഷം മാത്രം ലിസ്റ്റിങ് നടപടികളിലേക്ക് കടക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

