പഞ്ചാബിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മൻജീത് കൗർ (28) സംബന്ധിച്ച അന്വേഷണം നിർണായക ഘട്ടത്തിലേക്ക്.
ചികിത്സയിലിരിക്കെ മൻജീത് കൗർ നേരിട്ട് റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് കേസിൽ പുതിയ വഴിത്തിരിവായിരിക്കുന്നത്. തനിക്ക് നേരിട്ട
ക്രൂരതയെക്കുറിച്ചും തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചവരെക്കുറിച്ചും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ‘ഇന്ന് നിങ്ങൾ എന്നെ കാണുന്ന ഈ അവസ്ഥ… സുർജിത്, ഷുഭി, നേഹ, ശുഭിയോടൊപ്പം മറ്റു രണ്ട് പുരുഷന്മാർ എന്നിവരെല്ലാം ചേർന്ന് എന്നെ കത്തിച്ചു കളഞ്ഞു.
എന്നോട് ഇത് ചെയ്തവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്ന് ഞാൻ അധികാരികളോട് അപേക്ഷിക്കുന്നു’ – എന്നാണ് മൻജീത് കൗർ വിഡിയോയിൽ പറയുന്നത്. കഴിഞ്ഞ ജൂലൈ 3 നാണ് രാത്രിയുടെ മറവിൽ മൻജീത് കൗറിനെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിനിരയാക്കിയത്.
സംഭവം അറിഞ്ഞെത്തിയ മറ്റൊരു പരിചയക്കാരൻ പുതപ്പ് ഉപയോഗിച്ച് തീയണച്ചാണ് അന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്കും (പിജിഐഎംഇആർ) മാറ്റി.
ആശുപത്രിയിൽ വെച്ച് ബോധം തെളിഞ്ഞ മൻജീത് ഓഗസ്റ്റ് 5 നാണ് തനിക്ക് നേരിട്ട ദുരന്തം കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്.
യുവതി മൊഴി നൽകാൻ സന്നദ്ധയായിരുന്നെന്നും ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ തയ്യാറായില്ലെന്നും കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുശേഷമാണ് ഈ വിഡിയോ റെക്കോർഡ് ചെയ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഏകദേശം രണ്ടു മാസത്തോളം ജീവനുവേണ്ടി പൊരുതിയ മൻജീത് കൗർ ഓഗസ്റ്റ് 26 നാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചണ്ഡിഗഡ് പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്.
വിഡിയോയുടെ ആധികാരികതയും അത് ചിത്രീകരിച്ച സാഹചര്യങ്ങളും മൻജീത് ഉന്നയിച്ച ആരോപണങ്ങളും പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പിന്ദ എന്നറിയപ്പെടുന്ന പർമിന്ദർ സിങ്ങിനെ ചണ്ഡിഗഡ് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യപ്രതിയായ റിങ്കുവിന്റെ കൂട്ടാളിയാണ് ഇയാളെന്നും ആക്രമണത്തിലേക്കും മരണത്തിലേക്കും നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കാൻ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന റിങ്കുവിനായുള്ള തെരച്ചിൽ പൊലീസ് കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
ആക്രമിക്കപ്പെട്ട് മരണപ്പെടുമ്പോൾ മൻജീത് കൗർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വിവാഹമോചിതയായ മഞ്ജീതിന് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.
ഫാഷൻ, ലൈഫ്സ്റ്റൈൽ സംബന്ധമായ വിഡിയോകളിലൂടെ ശ്രദ്ധേയയായ മഞ്ജീതിന് ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

