വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂൾ–കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് നോഡൽ ഓഫിസർമാരായ അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 29ന് കോഴിക്കോട് ജയിൽ റോഡിലെ സ്പാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഈ നിർണായക സംരംഭം അരങ്ങേറിയത്.
ചടങ്ങ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി ഐപിഎസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷൻ നോഡൽ ഓഫിസർ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഇ.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ക്യാംപസുകളിൽ മയക്കുമരുന്നിന്റെ ഉപയോഗം തടയുക, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക, സാമൂഹിക വിരുദ്ധശക്തികളിൽ നിന്നും കലാലയങ്ങളെ മോചിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അധ്യാപകരുടെ പങ്കാളിത്തം കൂടുതൽ ഊർജിതമാക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്. പരിശീലന പരിപാടിയുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്ക്’ എന്ന വിഷയത്തിൽ ഇ.
സുനിൽ കുമാർ ക്ലാസ് നയിച്ചു. തുടർന്ന്, ‘വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകളും അവയുടെ പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോനു.എസ്.ദേവ് ക്ലാസ് അവതരിപ്പിച്ചു.
കൂടാതെ, ‘ലോൺ ആപ്പുകളിലെ ചതിക്കുഴികൾ’ എന്ന വിഷയത്തിൽ കോഴിക്കോട് സിറ്റി സൈബർ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബീരജ് ബോധവൽക്കരണ ക്ലാസും നടത്തി. കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷയ്ക്കായി ആവിഷ്കരിച്ച കിഡ്സ് ഗ്ലൗ പ്രോജക്ട്, ഡി-ഡിഎഡി പ്രോജക്ട്, ഹോപ്പ് പ്രോജക്ട്, കൂട്ട് പ്രോജക്ട് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട
കോർഡിനേറ്റർമാർ വിശദീകരിച്ചു. വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ഇടപെടാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന ഒട്ടേറെ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കുട്ടികളുടെ മാനസികാരോഗ്യം, സൈബർ സുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ പൊലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ യോഗം സഹായകരമായി. ചടങ്ങിൽ ജനമൈത്രി പ്രോജക്ട് ജില്ലാ കോർഡിനേറ്റർ സജിത്ത് കുമാർ.
വി.വി, കോഴിക്കോട് നോർത്ത് സോൺ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഷഹീദ് റംസാൻ, കോഴിക്കോട് സിറ്റി ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് അഷ്റഫ്.ടി.കെ, ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രേംജിത്ത്.എ, കോഴിക്കോട് മെഡിക്കൽ കോളജിലെ ഇഎൻഎച്ച്എഎൻഎസ് പ്രതിനിധി സോനു.എസ്.ദേവ്, കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷൻ അഡീഷനൽ നോഡൽ ഓഫിസർ ഹരിഹരൻ വി.കെ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

