രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നതിന്റെ സൂചന നൽകി ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണത്തിൽ റെക്കോർഡ് വർധന. ദേശീയതലത്തിൽ സെപ്റ്റംബർ മാസത്തിൽ 14.7% വർധനയോടെ 2.04 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.
മുൻവർഷം അതായത് 2025 സെപ്റ്റംബറിൽ ഇത് 1.77 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുകൾ പ്രകാരം കേന്ദ്ര ജിഎസ്ടിയായി (സിജിഎസ്ടി) 37,762 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി (എസ്ജിഎസ്ടി) 45,363 കോടി രൂപയുമാണ് സമാഹരിച്ചത്.
ഇതിനുപുറമേ സംയോജിത ജിഎസ്ടിയായി (ഐജിഎസ്ടി) 1.20 ലക്ഷം കോടി രൂപയും പിരിച്ചെടുത്തിട്ടുണ്ട്. ആഭ്യന്തര ഇടപാടുകളിൽ നിന്ന് 10.1% വർധനയോടെ 1.37 ലക്ഷം കോടി രൂപയും, ഇറക്കുമതി ഉൽപന്നങ്ങളുടെ ജിഎസ്ടി ഇനത്തിൽ 25.9% കുതിപ്പോടെ 65,525 കോടി രൂപയുമാണ് കഴിഞ്ഞമാസം ലഭിച്ചത്.
തുടർച്ചയായി നികുതി പിരിവ് മെച്ചപ്പെട്ടതോടെ നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ ആകെ സമാഹരണം 12.46 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 11.17 ലക്ഷം കോടി രൂപയായിരുന്നു.
ഈ കാലയളവിൽ 11.6% വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ കണക്കുകളിൽ പതിവുപോലെ മഹാരാഷ്ട്ര തന്നെയാണ് കഴിഞ്ഞമാസവും സമാഹരണത്തിൽ മുന്നിൽ നിൽക്കുന്നത്.
15% വളർച്ചയോടെ 29,986 കോടി രൂപയാണ് മഹാരാഷ്ട്ര സമാഹരിച്ചത്. കർണാടക 16% വളർച്ചയോടെ 13,884 കോടി രൂപയും, 17% വളർച്ചയോടെ 12,222 കോടി രൂപ പിരിച്ചെടുത്ത ഗുജറാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉത്തർപ്രദേശ് 18% വർധനയോടെ 8,882 കോടി രൂപയും സമാഹരിച്ചു. കേരളത്തിന്റെ കാര്യത്തിൽ 11% വർധനയോടെ 3328 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തത്.
2025 സെപ്റ്റംബറിൽ ഇത് 3010 കോടി രൂപയായിരുന്നു. കേരളത്തിന്റെ കഴിഞ്ഞമാസത്തെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ഉൾപ്പെടെയുള്ള ആകെ വരുമാനം (പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി) 3451 കോടി രൂപയാണ്; ഇതിൽ 9% വർധനയുണ്ട്.
നടപ്പുവർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി 19% ഉയർന്ന് 16,482 കോടി രൂപയിലുമെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

