കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിനിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.
മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സംഭവത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഡോ.
മുഹമ്മദ് അഷീൽ രംഗത്തെത്തി. “കൊവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷൻ മുൻകൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സംബന്ധിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന എനിക്കെതിരെ വാർത്തകൾ വരുന്ന സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതിൽ പ്രതികരണം നടത്താൻ നിർവാഹമില്ലാത്ത ഒരവസ്ഥയാണ്. എന്നോട് പ്ലീസ് പൊറുക്കുക.” എന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, താൻ ചെയ്ത പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. “എന്നിരുന്നാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു.
കൊവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും പൂർണ്ണമായി ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണ്ണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും.
അന്വേഷണങ്ങൾ നടക്കട്ടെ. അത് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു.
കൂടുതലൊന്നും പറയുന്നില്ല. ചരിത്രം ദയ കാണിക്കുമെന്നുറപ്പ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയിലെ അപാകതകൾ
4.89 കോടി രൂപ ചെലവിട്ട പദ്ധതിയിൽ വ്യാപകമായ വീഴ്ചകൾ സംഭവിച്ചതായാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ.
ഏഴ് തവണ മിഷൻ ആസ്ഥാനത്ത് പരിശോധന നടത്തിയിട്ടും പല ബില്ലുകളും വൗച്ചറുകളും ഹാജരാക്കാൻ സാധിച്ചില്ല. കൈകൊണ്ടെഴുതിയ ബില്ലുകളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും, അയർലൻഡിലെ ആശുപത്രിയിൽ നിന്ന് ലഭിച്ച 3500 യൂറോയുടെ ഉപകരണങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, ടെണ്ടറുകളോ സർക്കാർ അനുമതിയോ ഇല്ലാതെ 30 ലക്ഷം രൂപയ്ക്ക് കിയോസ്കുകൾ സ്ഥാപിച്ചതിലും 19.64 ലക്ഷം രൂപയ്ക്ക് വീഡിയോ കോൺഫറൻസ് റൂം സജ്ജമാക്കിയതിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ദുരന്തകാലത്ത് ജീവൻ രക്ഷിക്കുന്നതിനായിരുന്നു മുൻഗണന നൽകിയതെന്ന് ഡോ.
അഷീൽ വാദിച്ചെങ്കിലും ധനകാര്യ പരിശോധനാ വിഭാഗം ഇത് തള്ളുകയായിരുന്നു. റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജൂൺ എട്ടിന് അദ്ദേഹം ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, ഡോ. അഷീലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

