ഫുട്ബോൾ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കുന്ന പേരുകളിൽ ഒന്നാണ് കിലിയൻ എംബപെ. മൈതാനത്തെ കരുത്തുറ്റ പ്രകടനം പോലെ തന്നെ ബിസിനസ് മേഖലയിലും തന്റേതായ ഇടം കണ്ടെത്താൻ ഈ ഫ്രഞ്ച് താരത്തിന് സാധിച്ചിട്ടുണ്ട്.
കേവലം ഒരു ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ഒതുങ്ങിനിൽക്കാതെ, വളർച്ചാസാധ്യതയുള്ള കമ്പനികളിൽ നിക്ഷേപം നടത്തിയും ഓഹരി പങ്കാളിത്തം ഉറപ്പാക്കിയും പുതിയൊരു മാതൃക തീർക്കുകയാണ് അദ്ദേഹം. ബിസിനസ് തന്ത്രങ്ങൾ തന്റെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കൊഅലീഷൻ ക്യാപിറ്റൽ എന്ന പേരിൽ ഒരു സ്വകാര്യ നിക്ഷേപ കമ്പനി തന്നെ എംബപെക്കുണ്ട്.
ഇതിലൂടെ കായികരംഗത്തിന് പുറമെ ഹെൽത്ത്, ടെക്നോളജി, റിയൽ എസ്റ്റേറ്റ് മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിക്കുന്നു. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ എസ്എം കാൻ (SM Caen) ന്റെ 80 ശതമാനം ഓഹരികൾ 15-20 മില്യൺ യൂറോയ്ക്ക് സ്വന്തമാക്കിയത് കായികരംഗത്തെ ബിസിനസ് പ്രവർത്തനങ്ങളിൽ അദ്ദേഹത്തിനുള്ള താൽപ്പര്യത്തിന്റെ തെളിവാണ്.
നിക്ഷേപ മേഖലകൾ ടെക്-ഡിജിറ്റൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ അലൻ നടത്തിയ 100 മില്യൺ ഡോളറിന്റെ ഫണ്ട് സമാഹരണത്തിൽ പങ്കാളിയായി എംബപെ ഓഹരി നേടിയിട്ടുണ്ട്. കൂടാതെ, ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമായ സൊറെയർ, ജർമൻ ഇലക്ട്രോണിക്സ് കമ്പനിയായ ലോവേയ് ടെക്നോളജി (Loewe Technology) എന്നിവയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
വിനോദ മേഖലയിൽ ലൊസാഞ്ചലസ് ആസ്ഥാനമായ സീബ്രാ വാലി വഴിയാണ് അദ്ദേഹം പ്രവർത്തനം നടത്തുന്നത്. റിയൽ എസ്റ്റേറ്റ് നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലയിലും എംബപെയുടെ സാന്നിധ്യം ശക്തമാണ്.
റിയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ലിൽ നിന്ന് വാങ്ങിയ 12,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്പെയിനിലെ ഭവനസമുച്ചയം ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിനായി 11 മില്യൺ യൂറോയിലേറെയാണ് അദ്ദേഹം ചെലവഴിച്ചത്.
കൂടാതെ പാരീസിൽ 10 മില്യൺ യൂറോയുടെ മറ്റൊരു ആഡംബര വസതിയും താരത്തിനുണ്ട്. സാമ്പത്തിക അടിത്തറ 2026-ലെ കണക്കുകൾ പ്രകാരം ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 2400 കോടി രൂപ) ആണ് എംബപെയുടെ ആസ്തി.
2017-ൽ പിഎസ്ജിയിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ കുതിച്ചുചാട്ടമുണ്ടായത്. അവിടെ 308 മത്സരങ്ങളിൽ നിന്ന് 256 ഗോളുകൾ നേടിയ താരം, 2024-ൽ റിയൽ മാഡ്രിഡ് ക്ലബ്ബിലേക്ക് കൂടുമാറി.
ക്ലബ്ബിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന് പുറമെ നൈക്കി, ഇഎ സ്പോർട്സ്, ഊബ്ലോ, ഡീഓർ, ഓക്ൿലീ, അക്കോർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അംബാസഡറായും അദ്ദേഹം പ്രവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

