വയനാട്ടിലെ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന കൺസെഷൻ നിരക്കിൽ ഏകപക്ഷീയമായി വർധന വരുത്തിയതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. ബസ് ഉടമകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ കൺസെഷൻ നിരക്ക് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്ന് മൂന്ന് രൂപയായി ഉയർത്തിയതാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്.
ഇതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റ ആർടിഒ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ ഓഫീസിലെത്തിയത്.
വിദ്യാർത്ഥികളുടെ യാത്രാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും, സ്വകാര്യ ബസ് ഉടമകളുടെ ഇത്തരം തീരുമാനങ്ങൾക്ക് സർക്കാർ മൗനാനുവാദം നൽകുകയാണെന്നും എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. നിരക്ക് വർധന പിൻവലിക്കാൻ ബന്ധപ്പെട്ട
അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് നടന്ന ചർച്ചയിൽ, നാളെ മുതൽ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ രംഗത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി വിദ്യാർത്ഥി സംഘടന പ്രതിനിധികൾ വ്യക്തമാക്കി.
ബസ് നിരക്ക് കുറയ്ക്കുന്നത് വരെ സമരം തുടരുമെന്നും സംഘടന അറിയിച്ചു. ജില്ലാ സെക്രട്ടറി എം എസ് ആദർശ്, ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ജോയിൻറ് സെക്രട്ടറി മുഹമ്മദ് ഷിബിലി, സെക്രട്ടറിയേറ്റംഗം മിഥുലജ, ജില്ലാ വൈസ് പ്രസിഡൻറ് വിഷ്ണു പി ആസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
നേരത്തെ, ഗതാഗത മന്ത്രി സ്വകാര്യ ബസുടമകളുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും തീരുമാനമുണ്ടാകാത്തതാണ് പ്രതിഷേധം ശക്തമാകാൻ കാരണമായത്. ഇന്നലെയും വിദ്യാർത്ഥികൾ കൺസെഷൻ നിരക്ക് വർധനയ്ക്കെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

