പത്തനംതിട്ട ജില്ലയിലെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച നിലപാടിൽ നിർണ്ണായകമായ മാറ്റവുമായി ഭൂഉടമ എബ്രഹാം കലമണ്ണിൽ രംഗത്തെത്തി. മുൻപ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരുന്ന അദ്ദേഹം, ഇപ്പോൾ താൻ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും എയർസ്ട്രിപ്പ് നിർമ്മാണം മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
തന്റെ ഉടമസ്ഥതയിലുള്ള എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കും എയർ ആംബുലൻസ് സൗകര്യങ്ങൾക്കുമായി ഒരു എയർസ്ട്രിപ്പ് മാത്രമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവേ, “എല്ലാരും ചേർന്ന് തന്നെ ക്രൂശിക്കുകയാണെന്നും” എബ്രഹാം കലമണ്ണിൽ കൂട്ടിച്ചേർത്തു.
കൂടാതെ, പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയിട്ടില്ലെന്നും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. നേരത്തെ സർക്കാരിന്റെ പിന്തുണയുണ്ടെന്നും എംപിയും എംഎൽഎയും പദ്ധതിക്ക് ഒപ്പമാണെന്നും അവകാശപ്പെട്ട് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അന്ന് ആദ്യഘട്ട ഡ്രോൺ സർവേ പൂർത്തിയാക്കിയതായും ജില്ലാ ഭരണകൂടത്തെ മറികടന്ന് രണ്ടാംഘട്ട
സർവേ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഈ നിലപാടിൽ നിന്ന് അദ്ദേഹം പൂർണ്ണമായും മലക്കംമറിഞ്ഞു.
നിലവിൽ തനിക്ക് സർവേയെക്കുറിച്ച് അറിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതി വീണ്ടും സജീവമാക്കാൻ ശ്രമിച്ചപ്പോൾ തന്നെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളും ജനരോഷവും ഉയർന്നിരുന്നു.
ഭൂമി കച്ചവടത്തിനായുള്ള കുതന്ത്രമാണ് ഈ പദ്ധതിയെന്ന ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

