കാക്കനാട് കേന്ദ്രീകരിച്ച് നിയമപരമായ രേഖകളില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വർധിക്കുന്നതായി ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, നികുതി തുടങ്ങിയ അടിസ്ഥാന രേഖകളില്ലാത്തതും നാശോന്മുഖവുമായ ഓട്ടോറിക്ഷകൾ നിരത്തുകളിൽ സജീവമാകുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള രണ്ട് ഓട്ടോറിക്ഷകൾ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയിരുന്നു. ഇതിനു പിന്നാലെ പരിശോധനകൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു.
കാക്കനാട്, കളമശേരി, തൃപ്പൂണിത്തുറ, കൊച്ചി നഗരപ്രദേശങ്ങളിലും പരിസരങ്ങളിലുമാണ് ഇത്തരം വാഹനങ്ങളുടെ സാന്നിധ്യം കൂടുതലായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്നതിലൂടെ പിടിക്കപ്പെടാതിരിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് നിയമലംഘകർ.
അതിനാൽ, വരും ദിവസങ്ങളിൽ രാത്രികാല പരിശോധനകൾ ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഓട്ടോറിക്ഷകളെ കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.
കുറഞ്ഞ നിരക്കിൽ പഴകിയ ഓട്ടോറിക്ഷകൾ ദിവസ വാടകയ്ക്ക് എടുത്ത് സർവീസിന് ഇറക്കുന്ന പ്രവണത വർധിക്കുന്നതായി സംശയിക്കുന്നു. ലൈസൻസില്ലാത്ത വ്യക്തികൾ ഇത്തരം വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
കൂടാതെ, യാത്രാനിരക്ക് കൃത്യമായി രേഖപ്പെടുത്തുന്ന ഫെയർ മീറ്ററുകൾ മിക്കവയിലും പ്രവർത്തനക്ഷമമല്ല. നികുതി കുടിശികയും പെർമിറ്റ് കാലാവധി തീർന്നതുമൂലം മാസങ്ങളായി ഉപയോഗിക്കാതെ കിടന്ന വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി മഴക്കാലത്ത് സർവീസിന് എത്തിക്കുന്നതായും വിവരമുണ്ട്.
ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷയോ നിയമപരമായ മറ്റ് ആനുകൂല്യങ്ങളോ യാത്രക്കാർക്ക് ലഭിക്കില്ല.
നിലവിൽ ഇലക്ട്രിക്, ഗ്യാസ് ഓട്ടോറിക്ഷകളുടെ വരവോടെ പഴയ വാഹനങ്ങളുടെ സാന്നിധ്യം കുറവാണെങ്കിലും, നഗരപ്രാന്തങ്ങളിലും ഉൾപ്രദേശങ്ങളിലും ഇവ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

