തിരുവിതാംകൂർ ദേവസ്വം ബോർഡ് തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഫഷനൽ ശൈലി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശബരിമലയിൽ ഏകീകൃത ബ്രാൻഡിങ് സമ്പ്രദായം ആരംഭിക്കുന്നു. വരാനിരിക്കുന്ന മണ്ഡലകാലം മുതൽ തന്നെ ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനാണ് ബോർഡിന്റെ തീരുമാനം.
രാജ്യാന്തര നിലവാരത്തിലേക്ക് തീർഥാടന കേന്ദ്രത്തെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം കെട്ടിടങ്ങൾക്ക് ഒരേ നിറത്തിലുള്ള പെയിന്റിങ് ഉൾപ്പെടെയുള്ള ഏകീകൃത ശൈലി കൊണ്ടുവരും.
ശബരിമല മേഖലയിൽ പ്രവർത്തിക്കുന്ന കടകൾ, ഹോട്ടലുകൾ, കിയോസ്കുകൾ എന്നിവയ്ക്കും നിശ്ചിത നിറവും അക്ഷര ശൈലിയും മാതൃകയും നിർബന്ധമാക്കും. അനുമതിയില്ലാത്ത പരസ്യ ബോർഡുകളോ ബാനറുകളോ ഇനി മുതൽ സന്നിധാനത്തോ പമ്പയിലോ സ്ഥാപിക്കാൻ അനുവദിക്കില്ല.
ഭക്തർക്കായുള്ള അറിയിപ്പ് ബോർഡുകളും ഈ പുതിയ ബ്രാൻഡിങ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ക്രമീകരിക്കുക. ഏതൊരു നിർമിതിക്കും പ്രത്യേക സമിതിയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.
നിലവിൽ സന്നിധാനത്തുള്ള താൽക്കാലികവും ഗുണനിലവാരമില്ലാത്തതുമായ ലൈറ്റിങ് സംവിധാനങ്ങൾ മാറ്റി, വിദഗ്ധ മേൽനോട്ടത്തിൽ അത്യാധുനികമായ പ്രകാശവിന്യാസം ഒരുക്കും. ‘ശബരിമല വിഷൻ പ്ലാൻ–2026’ എന്ന ബൃഹത് പദ്ധതിയുടെ ഭാഗമായുള്ള ഏകോപന പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നേതൃത്വം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

