സുരക്ഷിതത്വവും സാങ്കേതിക അനുമതിയും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത രീതിയിൽ വാക്വം ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.
ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ 2024ൽ ഹൈക്കോടതി നൽകിയ നിർദ്ദേശം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടാണ് പുതിയ കോടതി ഉത്തരവ്. രാജ്യത്ത് നിലവിലുള്ള സാങ്കേതിക നിയമങ്ങൾ പാലിച്ചല്ല ഇത്തരം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് കേരളാ എലിവേറ്റേർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ വ്യക്തമാക്കി.
സാധാരണ ലിഫ്റ്റുകളിൽ ഉള്ളതുപോലെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അനുബന്ധ സംവിധാനങ്ങൾ വാക്വം ലിഫ്റ്റുകളിൽ ലഭ്യമല്ല. പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങളും ഇവ പാലിക്കുന്നില്ല.
രാജ്യത്ത് ലിഫ്റ്റുകൾക്ക് പ്രവർത്തനാനുമതി നൽകുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്ററിന്റെയോ യാതൊരുവിധ അനുമതികളുമില്ലാതെയാണ് ഇവയുടെ പ്രവർത്തനമെന്ന് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം അനധികൃത ഇടപാടുകൾ നടക്കുന്നത്.
സാങ്കേതിക തകരാറുകൾ മൂലം നിരവധി അപകടങ്ങൾ ഇതിനോടകം നടന്നിട്ടുണ്ടെങ്കിലും, നിയമപരമായ യാതൊരു പരിരക്ഷയും ലഭ്യമല്ലാത്തതിനാൽ പല സംഭവങ്ങളും പുറത്തറിയാതെ മൂടിവെക്കപ്പെടുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരേയൊരു കമ്പനിയാണ് ഇതിന്റെ നിർമ്മാണവും വിപണനവും നടത്തുന്നത്.
കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൊച്ചിയിൽ ഈ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. രാജ്യത്തെ നിയമപ്രകാരം ലിഫ്റ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.
ഒന്നര മീറ്ററിലേറെ ഉയരത്തിലേക്ക് ആളുകളെ വഹിച്ചുകൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങൾക്കും ലൈസൻസും ആവശ്യമാണ്. എന്നാൽ ഈ അനുമതികളൊന്നും ഇല്ലാത്തതിനാൽ വാക്വം ലിഫ്റ്റുകൾക്ക് സാധാരണയായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറില്ല.
അതിനാൽ ഇത്തരം അനധികൃത ലിഫ്റ്റുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് യാതൊരുവിധ നഷ്ടപരിഹാരമോ പരിരക്ഷയോ ലഭിക്കില്ല. പൊതുജനങ്ങളുടെ ജീവന് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഇത്തരം അനധികൃത ലിഫ്റ്റുകളുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കർശന നടപടി സ്വീകരിക്കണമെന്നും കീമ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

