മീനാക്ഷിയിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയുടെ മൃതദേഹമാണ് ഇന്നലെ മീനാക്ഷിപ്പുഴയ്ക്കു സമീപത്തെ ഏലത്തോട്ടത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 7-ാം തീയതി രാവിലെ 11.15-നാണ് കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത നിർമ്മാണ മേഖലയിൽ ദുരന്തം സംഭവിച്ചത്. ഇതോടെ ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു.
തുരങ്കപ്പാത നിർമ്മാണ കമ്പനിയിലെ കൺസ്ട്രക്ഷൻ മാനേജരായ ബിക്രം സിങ് റാണയും സേഫ്റ്റി എൻജിനീയറായ ടി.കെ.കുഞ്ചുവും ഉറ്റസുഹൃത്തുക്കളായിരുന്നു. ദുരന്തദിവസം രാവിലെ ഇരുവരും ഒരുമിച്ച് ചായ കുടിച്ച ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിയതാണ്.
ബിക്രം സിങ് റാണ മീനാക്ഷി പാലത്തിലൂടെ നിർമ്മാണ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടം കണ്ട് മറ്റുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിയെങ്കിലും, കുഞ്ചു തന്റെ സുഹൃത്തിനെ രക്ഷിക്കാനായി ദുരന്തഭൂമിയിലേക്ക് ഓടിയെത്തുകയായിരുന്നു.
ഇതിനിടെ ഇരച്ചെത്തിയ മണ്ണും വെള്ളവും കുഞ്ചുവിനെ തട്ടിയെടുത്ത് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്ന് ചെളിയിൽ മൂടുകയായിരുന്നു. പരിക്കേറ്റ കുഞ്ചുവിനെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് കുഞ്ചു നൽകിയ സൂചനകളെ അടിസ്ഥാനമാക്കി കെഡാവർ നായയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ബിക്രം സിങ് റാണയുടെ മൃതദേഹം കണ്ടെത്തിയത്. ദുരന്തബാധിതർക്ക് കരാർ കമ്പനിയിൽ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് കൽപറ്റയിൽ അറിയിച്ചു.
മരിച്ച കമ്പനി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും വീതം ധനസഹായം നൽകും. പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റ മറ്റ് 3 പേർക്ക് അതിൽ കൂടുതൽ തുകയും കമ്പനിയിൽ നിന്ന് ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഔദ്യോഗിക രേഖകൾക്കായി കാത്തുനിൽക്കാതെ 10 ദിവസത്തിനകം തുക ബന്ധുക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും.
ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

