സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയായ ശേഷം വി.ഡി.
സതീശൻ സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾക്കപ്പുറം, പിന്നീട് പുറത്തിറക്കിയ ധവളപത്രം ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പെൻഷൻ പ്രായം ഉയർത്തുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കേന്ദ്ര മാതൃകയിലുള്ള പെൻഷൻ സമ്പ്രദായം, പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം തുടങ്ങിയ നിർദേശങ്ങളായിരുന്നു ധവളപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
എങ്കിലും, പെൻഷൻ പ്രായം വർധിപ്പിക്കുന്ന വിഷയത്തിൽ സ്വന്തം മുന്നണിയിൽ നിന്ന് പോലും ശക്തമായ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ പിന്മാറാനാണ് സാധ്യത. അതിനാൽ വരാനിരിക്കുന്ന ബജറ്റിൽ പെൻഷൻ പ്രായം കൂട്ടാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.
മെയ് 31-ഓടെ വലിയൊരു വിഭാഗം ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നതുകൊണ്ട് ഈ വർഷം സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം ലഭിക്കില്ലെന്ന് സർക്കാർ തലത്തിൽ തന്നെ വിലയിരുത്തലുണ്ട്.
അതേസമയം, ജീവനക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള പ്രഖ്യാപനം ആദ്യ ബജറ്റിലുണ്ടാകാനാണ് സാധ്യത.
2026-ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം, 2021 മുതൽ 2025 വരെ അനുവദിച്ച എട്ടുഗഡു ഡി.എ. കുടിശ്ശിക 2026–27 സാമ്പത്തിക വർഷം മുതൽ ഘട്ടംഘട്ടമായി നൽകാനായിരുന്നു തീരുമാനം.
ധവളപത്രത്തിലെ കണക്കുകൾ പ്രകാരം, പെൻഷൻ പ്രായം ഉയർത്തിയാൽ പ്രതിവർഷം 6,000 കോടി രൂപയുടെ നേട്ടം സർക്കാരിന് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ മെയ് 31-ന് മാത്രം 12,360 പേർ വിരമിച്ച സാഹചര്യത്തിൽ, പെൻഷൻ പ്രായം 60 ആയി ഉയർത്തിയാലും നിലവിലെ സാമ്പത്തിക വർഷം വലിയ നേട്ടം ഉണ്ടാകില്ല.
സംസ്ഥാനത്തെ നിലവിലെ റവന്യൂ വരുമാനത്തിന്റെ 21.5 ശതമാനത്തോളം തുക പെൻഷൻ ആവശ്യങ്ങൾക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നുണ്ട്. 5.23 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരിൽ പകുതിയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിക്ക് കീഴിലുള്ളവരാണ്.
സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യവും വർധിച്ചുവരുന്ന ക്ഷാമബത്ത നൽകാനുള്ള ബാധ്യതയുമാണ് ധവളപത്രത്തിലെ ശുപാർശകൾക്ക് അടിസ്ഥാനം. എന്നാൽ, യുവാക്കളെ വിശ്വാസത്തിലെടുക്കാതെ പെൻഷൻ പ്രായം ഉയർത്തുന്നത് കടുത്ത പ്രതിഷേധത്തിന് വഴിവെക്കുമെന്ന് സർക്കാരിന് ബോധ്യമുണ്ട്.
കർണാടകയിലെ സർക്കാർ മാതൃകയിൽ, യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

