അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം അടുത്ത മാസം സംസ്കരിക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ 9-നാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഇതിനു മുന്നോടിയായി ജൂലൈ 4, 5 തീയതികളിൽ രാജ്യതലസ്ഥാനമായ ടെഹ്റാനിൽ പ്രത്യേക വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കും. തുടർന്ന് ജൻമനാടായ മഷാദിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, ജൂലൈ 9-ന് ഇമാം റെസായുടെ ശവകുടീരത്തിന് സമീപത്തായി സംസ്കരിക്കും.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണ പരമ്പരയിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയിക്ക് പരിക്കേറ്റിരുന്നു.
അധികാരം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കൂടാതെ, ഖമനയിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിൽ, അവരുടെ ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി, ഇവരുടെ മകൻ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഔദ്യോഗിക ഓഫിസ് സമുച്ചയത്തിൽ നടന്ന യോഗത്തിനിടെയായിരുന്നു ഈ ദാരുണമായ സംഭവം. ഈ ആക്രമണത്തിൽ ഇറാൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവികളും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അബ്ദുൽ റഹീം മൂസവി, ഖമനയിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ, 1989 മുതൽ ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവനായിരുന്ന മുഹമ്മദ് ഷിറാസി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 1981 മുതൽ എട്ടു വർഷക്കാലം ഇറാൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഖമനയി.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുല്ല ഖുമൈനിയുടെ വിയോഗത്തെത്തുടർന്ന്, 1989-ലാണ് അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത്.

