ദേശീയപാതയിൽ പഞ്ചറായ വാഹനം നന്നാക്കുന്നതിനിടെ ചരക്കുലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം വൈക്കം ചെമ്പ് കിഴക്കേ അരയംപടിക്കൽ സ്വദേശിയായ ജയലാൽ (മോനു – 33) ആണ് മരിച്ചത്.
സോമന്റെയും ലതയുടെയും മകനാണ് ഇദ്ദേഹം. ഒപ്പമുണ്ടായിരുന്ന ക്ലീനർ ഉദയനാപുരം സ്വദേശി ജിത്തു (32) ഗുരുതരമായ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് കഞ്ചിക്കോട് ആർവി പുതൂരിലായിരുന്നു അപകടം സംഭവിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പച്ചക്കറികളുമായി വന്ന പിക്കപ്പ് വാൻ ടയർ പഞ്ചറായതിനെത്തുടർന്ന് ദേശീയപാതയുടെ വശത്ത് നിർത്തിയിടുകയായിരുന്നു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം ഇരുവരും ടയർ മാറ്റുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു.
ലോറി പിക്കപ്പ് വാനിൽ ഇടിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്കിടയിൽ കുടുങ്ങിയാണ് ജിത്തുവിന് പരുക്കേറ്റത്. ഹൈവേ പൊലീസ് ഉടൻ തന്നെ ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം ലോറി ഉപേക്ഷിച്ച ഡ്രൈവർ മറ്റൊരു വാഹനത്തിൽ കയറി കോയമ്പത്തൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. തുടർന്ന് വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോറി ഡ്രൈവറെയും ഉടമയെയും തിരിച്ചറിഞ്ഞു.
രാജസ്ഥാൻ സ്വദേശിയായ ഡ്രൈവർ അസംദീനെ (45) പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതി രാത്രിയോടെ സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ജയലാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കാരം നടത്തുകയും ചെയ്തു. ഭാര്യ: മഞ്ജുഷ.
മകൾ: അർപ്പിത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

