ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചതിനെത്തുടർന്നുണ്ടായ ഇന്ധന പ്രതിസന്ധി മറികടക്കുന്നതിൽ കേന്ദ്രസർക്കാർ നേരിടുന്ന വെല്ലുവിളികൾ തുടരുകയാണ്. ഇന്ധന ലഭ്യതയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് കോവിഡ് കാലത്തിലേതുപോലെ വീടുകളിൽ നിന്നുള്ള ജോലി (വർക്ക് ഫ്രം ഹോം) പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു.
എങ്കിലും, രാജ്യത്തെ പല കോർപ്പറേറ്റ് കമ്പനികളും ഇത്തരമൊരു മാറ്റത്തിന് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ, ദീർഘദൂര യാത്രകളും വർദ്ധിച്ചുവരുന്ന യാത്രാച്ചെലവുകളും ചൂണ്ടിക്കാട്ടി ജീവനക്കാർ വർക്ക് ഫ്രം ഹോം സൗകര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്.
ഇതിനിടയിലാണ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ശിഖ പ്രിയദർശിനി എന്ന യുവതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്. 10.5 ലക്ഷം രൂപ വാർഷിക ശമ്പളമുണ്ടായിരുന്ന ഓഫീസ് ജോലി ഉപേക്ഷിച്ച്, 8.5 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള റിമോട്ട് ജോലിയിലേക്ക് മാറിയതാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചത്.
തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ
പട്ന സ്വദേശിനിയായ 24-കാരിയായ ശിഖ പ്രിയദർശിനി ജോലി ചെയ്തിരുന്ന കമ്പനി അഞ്ച് ദിവസവും ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന നിർബന്ധിത നയം നടപ്പിലാക്കിയിരുന്നു. ദിവസവും 30 കിലോമീറ്ററോളം ട്രാഫിക്കിൽ പെട്ട് യാത്ര ചെയ്യേണ്ടി വരുന്നതും, കാബ് ചാർജ്, ഭക്ഷണം തുടങ്ങിയ ഇനങ്ങളിൽ മാസം 15,000 രൂപയോളം അധികച്ചെലവ് വരുന്നുണ്ടെന്നും ഇവർ തിരിച്ചറിഞ്ഞു.
ഓഫീസ് ജോലി വഴി അധികമായി ലഭിക്കുന്ന രണ്ട് ലക്ഷം രൂപ, ഈ യാത്രയ്ക്കും സമ്മർദ്ദങ്ങൾക്കും വേണ്ടി ചെലവഴിക്കേണ്ടി വരുന്നുവെന്ന് വ്യക്തമായതോടെയാണ് ഇവർ റിമോട്ട് ജോലിയിലേക്ക് മാറാൻ തീരുമാനിച്ചത്. “കുറഞ്ഞ ശമ്പളം = കൂടുതൽ സ്വാതന്ത്ര്യം” എന്ന സമവാക്യമാണ് താൻ പിൻതുടരുന്നതെന്ന് ശിഖ വ്യക്തമാക്കുന്നു.
നിലവിൽ റിമോട്ട് ഇംപ്ലിമെന്റേഷൻ അഡ്വൈസറായി ജോലി ചെയ്യുന്ന ഇവർക്ക് ഇപ്പോൾ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സാധിക്കുന്നുണ്ട്. ശമ്പളത്തിലുണ്ടാകുന്ന കുറവിനേക്കാൾ വലിയ നേട്ടമാണ് മികച്ച വർക്ക്-ലൈഫ് ബാലൻസിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു.
ജീവനക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഇത്തരം തീരുമാനങ്ങൾ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ സംവാദങ്ങളാണ് നടക്കുന്നത്. സാമ്പത്തിക നേട്ടത്തേക്കാൾ മാനസികാരോഗ്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്ന പുതിയ തലമുറയുടെ ചിന്താഗതിയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

