ഫുട്ബോൾ ലോകകപ്പ് മത്സരഫലങ്ങൾ പ്രവചിച്ച് ലോകശ്രദ്ധ നേടിയ പോൾ നീരാളിയുടെ ചരിത്രം വീണ്ടും ചർച്ചയാകുന്നു. 2010-ലെ ലോകകപ്പിൽ ജർമനിയുടെ മത്സരഫലങ്ങൾ കൃത്യമായി പ്രവചിച്ചതിലൂടെയാണ് പോൾ നീരാളി വിശ്വപ്രസിദ്ധമായത്.
മത്സരിക്കുന്ന രണ്ട് ടീമുകളെ പ്രതിനിധീകരിക്കുന്ന പെട്ടികളിൽ ഭക്ഷണം വെക്കുകയും, അതിൽ ഏത് പെട്ടിയിൽ നിന്നാണോ നീരാളി ഭക്ഷണം കഴിക്കുന്നത് ആ ടീം വിജയിക്കുമെന്നുമായിരുന്നു രീതി. 2008-ലെ യൂറോ കപ്പിൽ ജർമനിയുടെ ആറ് മത്സരങ്ങളിൽ നാലെണ്ണവും, 2010 ലോകകപ്പിലെ ജർമനിയുടെ മുഴുവൻ മത്സരങ്ങളും കൃത്യമായി പ്രവചിക്കാൻ പോളിന് സാധിച്ചിരുന്നു.
ജൂലൈ 11-ന് നടന്ന 2010 ലോകകപ്പ് ഫൈനലിൽ സ്പെയിൻ ഹോളണ്ടിനെ തോൽപ്പിക്കുമെന്ന പ്രവചനവും പോൾ അന്ന് നടത്തിയിരുന്നു. ഈ പാരമ്പര്യം പിന്തുടർന്ന് ജർമനിയിലെ കോളോൺ മൃഗശാലയിലെ രണ്ട് മൃഗങ്ങൾ ഇപ്പോൾ പുതിയ പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
താരക് എന്ന ഏഷ്യൻ ആനയും വാൾട്ടർ എന്ന ഒറാങ്ക് ഉട്ടാനുമാണ് ഈ പരീക്ഷണത്തിലുള്ളത്. പന്തുകളോട് പ്രത്യേക താൽപ്പര്യമുള്ള താരകിന് വിവിധ രാജ്യങ്ങളുടെ പതാകകൾ പതിപ്പിച്ച പന്തുകൾ നൽകിയാണ് പ്രവചനം നടത്തിയത്.
വരാനിരിക്കുന്ന ജർമനി-കുറസോവ മത്സരഫലത്തിനായി ജർമനിയുടെ പന്ത് ചവിട്ടിപ്പൊട്ടിച്ചുകൊണ്ട് താരക് ജർമനിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. മറുവശത്ത്, വാൾട്ടർ എന്ന ഒറാങ്ക് ഉട്ടാൻ കുറസോവയുടെ വിജയമാണ് പ്രവചിക്കുന്നത്.
ഭക്ഷണം നിറച്ച രണ്ട് പെട്ടികൾ വാൾട്ടറിന് മുന്നിൽ വെച്ചപ്പോൾ, കുറസോവയുടെ ചിഹ്നം പതിപ്പിച്ച പെട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടാണ് വാൾട്ടർ തന്റെ പ്രവചനം നടത്തിയത്. ഞായറാഴ്ച നടക്കാൻ പോകുന്ന മത്സരത്തിൽ താരകിന്റെ പ്രവചനമാണോ അതോ വാൾട്ടറിന്റെ പ്രവചനമാണോ ഫലപ്രാപ്തിയിലെത്തുക എന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

