ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇരുകാലുകളും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്ന അർഷാദിന് (24) കൈത്താങ്ങായി കല്ലട്ര മാഹിൻ എംഎൽഎ. ചികിത്സയിൽ കഴിയുന്ന യുവാവിന് 5 സെന്റ് സ്ഥലം സൗജന്യമായി നൽകുമെന്ന് എംഎൽഎ അറിയിച്ചു.
കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് മാഹീൻ ഹാജിയുടെ കുടുംബവക ഭൂമിയാണ് ഇവർക്ക് കൈമാറുക. കൂടാതെ, സുമനസുകളുടെ സഹകരണത്തോടെ കുടുംബത്തിന് ആവശ്യമായ വീട് നിർമ്മിച്ച് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കണമെന്ന് മാഹീൻ ഹാജിയോട് നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അർഷാദിന്റെ പുനരധിവാസത്തിനായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
അപകടം സംഭവിച്ചതു മുതൽ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളുമായി മാഹീൻ ഹാജി കൂടെയുണ്ട്. വീട് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ദൗർഭാഗ്യകരമായ അപകടം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർഷാദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
നിലവിൽ അമ്മ ആയിഷയാണ് അർഷാദിനെ പരിചരിക്കുന്നത്. സീതംഗോളി നഗരത്തിൽ തോർത്ത് വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇവർ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് യു.എം.കബീർ (കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), സാദിഖ് അരീപ്പുറം (ജില്ലാ ട്രഷറർ), ഹാഷിം വണ്ടാനം എന്നിവരും ആശുപത്രിയിൽ സജീവമായി രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

