രാമമംഗലം, മാറാടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പലംപടി-ആഞ്ഞിലിച്ചുവട് റോഡിൽ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അപകടങ്ങൾ പതിവാകുന്നു. പെരുവംമൂഴി റോഡിലെ ഊരമന അമ്പലംപടിയിൽ നിന്നും ആരംഭിച്ച് മാറാടി ആഞ്ഞിലിച്ചുവട് ഭാഗത്തേക്ക് നീളുന്ന ഏകദേശം അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണം പൂർത്തിയായിട്ട് ഒന്നര വർഷം പിന്നിടുകയാണ്.
റോഡിന്റെ ഘടനാപരമായ പ്രത്യേകതകളാണ് പ്രധാന വെല്ലുവിളി. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ ഈ പാതയിലൂടെ കടന്നുപോകുന്ന അപരിചിതരായ വാഹനയാത്രക്കാരാണ് അപകടങ്ങളിൽ കൂടുതലായും അകപ്പെടുന്നത്.
ഈയിടെ പാത്തിക്കലിന് സമീപം കാർ നിയന്ത്രണം വിട്ട് 15 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ടാണ് കാറിലുണ്ടായിരുന്ന വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പിന്നിലേക്ക് പതിക്കുകയായിരുന്നു.
കൂടാതെ, കഴിഞ്ഞ ആഴ്ച ഇതേ ഭാഗത്തുണ്ടായ ഇരുചക്രവാഹന അപകടത്തിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്ന് കല്ലും മണ്ണുമായി എത്തുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ സാന്നിധ്യം റോഡിന്റെ സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുന്നു.
കൊച്ചിയിലേക്കുള്ള നിർമ്മാണ ആവശ്യങ്ങൾക്കായി പോകുന്ന ഇത്തരം വാഹനങ്ങൾ പെരുവംമൂഴി റോഡുവഴി ദേശീയ പാതയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. സമീപത്തെ സ്കൂളുകളിൽ നിന്നുള്ള വാഹനങ്ങളും ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്.
റോഡ് നവീകരണ സമയത്ത് തന്നെ സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

