അമേരിക്കയുമായുള്ള സമാധാന കരാർ സംബന്ധിച്ച വിഷയത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയ്ക്കെതിരെ ഇറാനിലെ മാധ്യമങ്ങൾ ശക്തമായ വിമർശനം ഉന്നയിക്കുന്നു. കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തതയില്ലാത്ത വിവരങ്ങൾ പുറത്തുവിട്ടതിലൂടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാന്റെ മേൽ ആരോപണങ്ങൾ ഉന്നയിക്കാൻ അവസരം ഒരുക്കിക്കൊടുത്തുവെന്നാണ് പ്രധാന ആരോപണം.
ട്രംപിന്റെ നിലപാടുകൾക്ക് അനുകൂലമായ സാഹചര്യമാണോ അരഗ്ചി സൃഷ്ടിക്കുന്നതെന്ന ചോദ്യവും മാധ്യമങ്ങൾ ഉയർത്തുന്നു. ഇക്കാര്യത്തിൽ സുപ്രീം നാഷണൽ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അബ്ബാസ് അരഗ്ചി മറുപടി നൽകി.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും കരാറിലേക്ക് അടുക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. “മുൻപൊരിക്കലും കരാറിന് ഇത്രയും തൊട്ടടുത്ത് എത്തിയിട്ടില്ലെന്ന്” അദ്ദേഹം എക്സിൽ കുറിച്ചു.
ഇസ്ലാമാബാദിലുണ്ടായ ധാരണ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കരാർ അന്തിമമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, യഥാസമയം വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വിദേശകാര്യ മന്ത്രിയുടെ എക്സ് പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ട്രംപ്, കരാർ സംബന്ധിച്ച് ഇറാനിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ രൂക്ഷമായി വിമർശിച്ചു.
മാധ്യമങ്ങളിൽ വന്ന കാര്യങ്ങൾക്ക് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായ വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇറാനിലെ മാധ്യമങ്ങൾ പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം, ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും, ഹോർമൂസ് കടലിടുക്കിലെ സ്ഥിതി മുപ്പത് ദിവസത്തിനകം സാധാരണ നിലയിലാക്കുമെന്നും പറയപ്പെടുന്നു. കൂടാതെ, ഉപരോധങ്ങൾ നീക്കുന്നതിനൊപ്പം ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും പുനർനിർമ്മാണത്തിനായി വലിയൊരു തുക അമേരിക്ക നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ആണവ വിഷയത്തിൽ യുറേനിയം ശേഖരവും സമ്പുഷ്ടീകരണവും മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും, ആണവ കേന്ദ്രങ്ങൾ പൂർണമായി ഉപേക്ഷിക്കില്ലെന്നും മെഹർ ഏജൻസി പുറത്തുവിട്ട പട്ടികയിൽ പറയുന്നു.
തർക്കവിഷയങ്ങൾ പലതുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഒത്തുതീർപ്പിലെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

