തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സംബന്ധിച്ച് തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഘടനാപരമായ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും, ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്ത് നിന്നും അകന്നുപോയത് തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പാർട്ടിയുടെ നിലപാടുകൾ സംബന്ധിച്ചും വിമർശനങ്ങൾ ഉണ്ടായി. വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനത്തിലും വിമർശനമുയർന്നു.
വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി. കണ്ണൂരിലെ സംഘടനാപരമായ അസ്വസ്ഥതകൾ അതീവ ഗൗരവത്തോടെ കാണണമെന്നും, അണികൾക്കൊപ്പം പാർട്ടി അംഗങ്ങളും നേതൃത്വത്തിൽ നിന്ന് അകലുന്ന പ്രവണതയുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും വൻ വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഒരിക്കലും പാടില്ലായിരുന്നു എന്ന് വിമർശനമുയർന്നു.
ടിഐ മധുസൂദനനെതിരായ ആക്ഷേപവും ഗുരുതരമാണെന്ന് യോഗം വിലയിരുത്തി. പാർട്ടിയിൽ അടിമുടി തിരുത്തൽ നടപടികൾ ആവശ്യമാണെന്നും, ഇത് ചർച്ച ചെയ്യാൻ ഉടൻ പ്ലീനം വിളിച്ചുചേർക്കണമെന്നും ആവശ്യം ശക്തമാണ്.
തുടർഭരണ പ്രതീക്ഷയോടെ പിണറായി വിജയന്റെ നേതൃത്വത്തിൽ മത്സരിച്ച എൽഡിഎഫ് മുന്നണിക്ക് വെറും 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ പലയിടത്തും ഭൂരിപക്ഷം കുറയുകയും, പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെടുകയും ചെയ്തത് കനത്ത തിരിച്ചടിയായി.
കോഴിക്കോട് ജില്ലയിൽ ഒരു സീറ്റിൽ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

