നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ടൊവിനോ തോമസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സാംകുട്ടി എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ, ശ്രീക്കുട്ടൻ വെള്ളായണി എന്ന വില്ലൻ വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ബേസിൽ ജോസഫ് പങ്കുവെച്ച വിവരങ്ങൾ ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാവുകയാണ്. ടൊവിനോയെ ആയിരുന്നില്ല ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് എന്ന് ബേസിൽ വ്യക്തമാക്കി.
“ആദ്യം സിനിമയിൽ വില്ലൻ കാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ.
അവൻ ചെയ്താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല.
അപ്പോൾ അവനെ കൊണ്ടുവന്നു. അപ്പോൾ ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു.
അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്.
അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോഗം ചെയ്യാൻ പാടില്ല.
അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്.
അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്.” എന്നാണ് ബേസിൽ പറഞ്ഞത്. ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്സ്, ഡോക്ടർ അനന്തു എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.
റിയ ഷിബു, സരിൻ ഷിഹാബ്, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘മിന്നൽ മുരളി’ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ വിതരണാവകാശം ട്രൂത്ത് ഗ്ലോബൽ ഫിലിംസ് കരസ്ഥമാക്കി.
സാമുവൽ ഹെൻറി ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

