നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോന്നി സെൻട്രൽ ജംക്ഷനിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിൽ അധികൃതർ അനാസ്ഥ തുടരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കലാശക്കൊട്ടിനെത്തുടർന്ന് പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിലേക്കുള്ള സംസ്ഥാന പാതകളിലും ചന്ദനപ്പള്ളി റോഡ്, മെഡിക്കൽ കോളജ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് ഇവ സ്ഥാപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയെങ്കിലും, നാലു റോഡുകളിലായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്ത് ചന്ദനപ്പള്ളി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിടുക മാത്രമാണുണ്ടായത്. ഒരു മാസം പിന്നിട്ടിട്ടും ഇവ ഇതേവരെ നീക്കം ചെയ്തിട്ടില്ല.
സംസ്ഥാന പാതയുടെ നവീകരണത്തിനു ശേഷം ജംക്ഷന്റെ പരിസരത്ത് പാർക്കിങ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ബാരിക്കേഡുകൾ കൂടി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇരുചക്ര വാഹനങ്ങൾ പോലും നിർത്തിയിടാൻ കഴിയാത്തവിധം ബാരിക്കേഡുകൾ തടസ്സം സൃഷ്ടിക്കുന്നു.
ഇത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും പ്രയാസങ്ങൾക്കും കാരണമാകുന്നതായി വ്യാപാരികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. വിഷയം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അടിയന്തരമായി പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

