തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നാണ് ഫലം ഔദ്യോഗികമായി പുറത്തുവിടുന്നത്.
ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിൽ ഫലത്തിന്റെ അന്തിമ വിലയിരുത്തൽ പൂർത്തിയാക്കി. പ്ലസ് വൺ പ്രവേശന നടപടികൾ വൈകാതിരിക്കാൻ മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.
ഫല പ്രഖ്യാപനത്തിന് പുതിയ വിദ്യാഭ്യാസമന്ത്രിയെ കാക്കേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഇതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചു.
85.2 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. ചെന്നൈ, ബാംഗ്ലൂർ, വിജയവാഡ എന്നീ മേഖലകളും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇത്തവണ 18.4 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സിബിഎസ്ഇ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഒരേസമയം പരീക്ഷയെഴുതുന്നത്.
പരീക്ഷാഫലത്തിൽ മികച്ച നിലവാരം പുലർത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്; തൊണ്ണൂറ്റി നാലായിരത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. പുനർ മൂല്യനിർണയം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

