ആറന്മുള മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒരു വർഷത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് നിയുക്ത എംഎൽഎ അബിൻ വർക്കി. പൊതുജനങ്ങളുമായി സംവദിക്കുന്നതിനായി സംഘടിപ്പിച്ച ഫോൺ-ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി വിളിച്ച ഭൂരിഭാഗം പേരും റോഡുകളുടെ തകർച്ചയാണ് പ്രധാന പ്രശ്നമായി ഉന്നയിച്ചത്. ‘‘മണ്ഡലത്തിൽ 80% ഗ്രാമീണ റോഡുകളും തകർന്ന നിലയിലാണ്.
റോഡുകൾക്കും ശുദ്ധജലത്തിനുമാണു പ്രഥമ പരിഗണന’’– അബിൻ വർക്കി പറഞ്ഞു. പത്തനംതിട്ട
നഗരസഭ ഏഴാം വാർഡിലെ ഭിന്നശേഷിക്കാരനായ സതീഷ് കുമാർ തന്റെ മുച്ചക്ര വാഹനം സഞ്ചരിക്കാൻ പോലും കഴിയാത്ത റോഡുകളുടെ ദുരവസ്ഥ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇരവിപേരൂർ സ്വദേശിയായ ലില്ലിക്കുട്ടി തോമസ് ഓട്ടോറിക്ഷകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത റോഡ് സൗകര്യത്തെക്കുറിച്ച് പരാതിപ്പെട്ടു.
കൂടാതെ, റോഡ് തകർന്നതിനെത്തുടർന്ന് ബസ് സർവീസുകൾ നിലച്ച സാഹചര്യം ഓമല്ലൂർ സ്വദേശി സുരേഷ്കുമാർ കേശവപുരവും ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കുറച്ചതാണ് ഗ്രാമീണ റോഡുകൾ തകരാൻ കാരണമെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉടനടി പുരോഗമിക്കുന്ന വികസന പദ്ധതികളുടെ അവലോകന യോഗം വിളിച്ചുചേർക്കും. കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പദ്ധതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും.
ഇതിനൊപ്പം പൂർണമായും തകർന്ന റോഡുകൾ പുനർനിർമ്മിക്കുമെന്നും അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ അടിയന്തരമായി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അബാൻ ജംക്ഷനിലെ മേൽപാലം, കോഴഞ്ചേരിയിലെ പുതിയ പാലം, ജില്ലാ സ്റ്റേഡിയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കുമെന്ന് അബിൻ വർക്കി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

