ബെംഗളൂരു: രാമമൂർത്തി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് ബെംഗളൂരു പൊലീസ് കണ്ടെത്തിയിരുന്നു. 34 വയസ്സുകാരിയായ ശർമിളയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 18-കാരൻ കർണൽ ഖുറായിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി അഞ്ചിന് നടന്ന അപകടം വെറുമൊരു തീപിടിത്തമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ ശ്രമങ്ങളാണ് അന്വേഷണത്തിനൊടുവിൽ പൊളിഞ്ഞത്. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ശർമിള സുഹൃത്തിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
സുഹൃത്ത് മുംബൈയിലേക്ക് പോയതിനാൽ ശർമിള ഒറ്റയ്ക്കായ സമയം നോക്കിയാണ് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ കുടക് സ്വദേശി കർണൽ ഖുറായി അതിക്രമിച്ചു കയറിയത്. ബാൽക്കണി വഴി അകത്തെത്തിയ പ്രതി ശർമിളയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.
ശർമിള ശക്തമായി എതിർത്തതോടെ, പ്രതി തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തലയിണ ഉൾപ്പെടെയുള്ള സാധനങ്ങൾ കിടപ്പുമുറിയിൽ വെച്ച് കത്തിച്ചു.
തുടർന്ന് അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പൊലീസിന്റെ സൂക്ഷ്മ പരിശോധനയിൽ ചില വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായതെങ്കിലും ശർമിളയുടെ മൃതദേഹം കണ്ടെത്തിയത് അടുക്കളയിലായിരുന്നു. തീപിടിത്തമുണ്ടായ മുറിയിൽ നിന്ന് മാറിയായിരുന്നു മൃതദേഹമെന്നിരിക്കെ ശർമിളയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നില്ല.
ശ്വാസംമുട്ടി മരിക്കാൻ സാധ്യതയുള്ള തരത്തിൽ ശർമിളയുടെ ശ്വാസകോശത്തിൽ കരിയുടെ അംശം ഉണ്ടായിരുന്നില്ലെന്ന മെഡിക്കൽ റിപ്പോർട്ടും പോലീസിന്റെ സംശയം ബലപ്പെടുത്തി. പ്രതി കുടുങ്ങിയത് മൊബൈൽ ഫോണിലൂടെ കൊലപാതകത്തിന് ശേഷം ശർമിളയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ പ്രതി, രണ്ടുദിവസത്തിന് ശേഷം അതിൽ സ്വന്തം സിം കാർഡ് ഇട്ടു.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നിരീക്ഷിച്ചുവന്ന പൊലീസ് നിമിഷങ്ങൾക്കകം പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

