സായുധസേനയില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്നുനല്കിക്കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. സെക്യൂരിറ്റി, ഹോം ഗാര്‍ഡ് മേഖലകള്‍ക്ക് പുറമേ അക്കൗണ്ടിങ് രംഗത്തും ഇനി വിരമിക്കലിനുശേഷമുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നു സര്‍ട്ടിഫിക്കറ്റ് ഓഫ് അക്കൗണ്ടിങ് ടെക്നീഷ്യന് കോഴ്സ് (കാറ്റ്) വിജയകരമായി പൂര്‍ത്തിയാക്കിയത് 39 സൈനികരാണ്. ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന കോണ്വൊക്കേഷന് ചടങ്ങുകൾ വേറിട്ടതായി.
പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ റീ സെറ്റില്‍മെന്റ് (ഡിജിആര്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎംഎഐ) എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ് സൈനികര്‍ക്കായുള്ള തൊഴില്‍ ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കുന്നത്. ഐസിഎംഎഐ കോഴിക്കോട് മലപ്പുറം ചാപ്റ്ററിന്റെ കീഴില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
കരസേനയില്‍ നിന്ന് 27 പേരും നാവികസേനയില്‍ നിന്ന് 9 പേരും വ്യോമസേനയില്‍ നിന്ന് 3 പേരുമാണ് ഈ ബാച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. ഇവര്‍ എല്ലാവരും 2027 മാര്‍ച്ചിനകം സേനയില്‍ നിന്ന് വിരമിക്കുന്നവരാണ് എന്നത് ശ്രദ്ധേയമാണ്.
വിരമിക്കലിനുശേഷം മാന്യമായ വരുമാനവും മികച്ച തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പഠനത്തിനായി നാലുമാസത്തെ പ്രത്യേക അവധിയും ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്നു.
രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ നിരവധി കോഴ്സുകളാണ് സേനാംഗങ്ങള്‍ക്കായി നടത്തിവരുന്നത്. കോഴിക്കോട് വെച്ച് നടന്ന ഡിജിആര്‍ കാറ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ കോഴിക്കോട് നമ്പര്‍ 09 നേവല്‍ യൂണിറ്റ് എന്‍സിസി കമാന്റിങ് ഓഫീസര്‍ വിഷ്ണു ഇ.ജി. മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങില്‍ ഡിജിആര്‍ ജോയന്റ് ഡയറക്ടര്‍ കമാന്‍ഡര്‍ രാഹില്‍, ഐസിഎംഎഐ കോഴിക്കോട് മലപ്പുറം ചാപ്റ്റര്‍ ചെയര്മാന് ആദർശ് കെ.പി., സെക്രട്ടറി വിജിത്ത് പി. എന്നിവര്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

