സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടിയതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവില്ലായിട്ടുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനുപുറമേ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽക്കാലത്തെ ആവശ്യകതയ്ക്ക് തുല്യമാണ്.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1100 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, മധ്യപ്രദേശിൽ നിന്നും കൈമാറ്റ കരാർ (SWAP) വഴി ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമല്ലാത്തതിനാൽ അധിക പ്രതിസന്ധിയും നേരിടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് ഏകദേശം 900 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

