ചില പ്രത്യേക വിദഗ്ധ തൊഴിൽമേഖലകളിൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, പുതിയ ജോലി കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് റദ്ദാക്കിക്കൊണ്ടുള്ള പുതിയ നിർദ്ദേശവുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് രംഗത്ത്. ജനപ്രിയമായ എച്ച്1ബി (H-1B) ഉൾപ്പെടെയുള്ള വിവിധ തൊഴിൽ വീസകൾക്ക് ബാധകമാകുന്ന രീതിയിലാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ കരട് ശുപാർശ പുറത്തുവിട്ടിരിക്കുന്നത്.
ഈ ഭേദഗതി ഔദ്യോഗികമായി നിലവിൽ വന്നാൽ, തൊഴിൽ നഷ്ടപ്പെടുന്ന എച്ച്1ബി വീസ ഉടമകൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ രാജ്യം വിട്ടുപോകേണ്ടി വരും. പ്രത്യേകിച്ച് ഐടി, ടെക് കമ്പനികളിൽ ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ കരട് തീരുമാനം.
നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ഇ1, ഇ2, ഇ3, എച്ച്1ബി, എച്ച്1ബി1, എൽ1, ഒ1 തുടങ്ങിയ വീസകളിൽ കഴിയുന്നവർക്ക് കാലാവധി തീരുംമുമ്പ് ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു തൊഴിൽ കണ്ടെത്താൻ രാജ്യത്ത് പരമാവധി 60 ദിവസം വരെ നിയമപരമായി തങ്ങാൻ അനുവാദമുണ്ടായിരുന്നു. വിദേശ പൗരന്മാർക്ക് യുഎസിൽ തുടർന്നുകൊണ്ട് തന്നെ തൊഴിൽ മാറുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് ഈ ആനുകൂല്യം ഏർപ്പെടുത്തിയത്.
പുതിയ ശുപാർശയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയ ശേഷം വരുന്ന രണ്ട് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച അന്തിമ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

