ജമ്മു കശ്മീരിൽ സംഘടിത പരിപാടിക്കിടെ വന്ദേമാതരം പൂർണമായും ആലപിച്ചതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടയിൽ, മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി.
ഒമർ അബ്ദുള്ളയുടെ പ്രതികരണം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും വളരെ നിർഭാഗ്യകരവുമാണെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര വ്യക്തമാക്കി. ജമ്മു കശ്മീർ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ആലപിച്ചതുമായി ബന്ധപ്പെട്ട
വിഷയത്തിലാണ് തർക്കങ്ങൾ ഉടലെടുത്തത്. പരിപാടിയിൽ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയായിരുന്നു എന്ന കോൺഗ്രസിന്റെ നിർദ്ദേശം മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി എതിർത്തിരുന്നു.
വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണെന്നും, ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഒമർ അബ്ദുള്ള ചോദ്യം ചെയ്തിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടിയായാണ് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാരയുടെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.
സ്വാതന്ത്ര്യദിന പരേഡിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികൾ മാത്രം ആലപിക്കാൻ കേരള സർക്കാർ തീരുമാനിച്ചപ്പോൾ അവിടെ ആരെങ്കിലും ഒരാൾ ജയിലിൽ പോയിട്ടുണ്ടോ എന്ന് താരിഖ് ഹമീദ് കാര ചോദിച്ചു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന മുഖ്യമന്ത്രിമാർ ചെയ്തതുപോലെ സംസ്ഥാന ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മൂല്യങ്ങൾക്കായി നിലകൊള്ളാൻ ഒമറിന് സാധിക്കുമോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
അതേസമയം, വന്ദേമാതരം നമ്മുടെ ദേശീയ ഗീതമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കോൺഗ്രസിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഭിന്നത രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

