പ്രമുഖ താരം രവി തേജയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ശിവ നിർവാണ ഒരുക്കുന്ന പുതിയ ചിത്രമായ ‘ഇരുമുടി’യുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം 6.30-നാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്.
നടന്റെ കരിയറിലെ 77-ാമത്തെ സിനിമയാണിത്. പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ ചിത്രം നിർമിക്കുന്നത്.
ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് സിനിമയ്ക്ക് ‘ഇരുമുടി’ എന്ന് പേരിട്ടിരിക്കുന്നത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച് ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്.
ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന അദ്ദേഹത്തിന്റെ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയാണ് പ്രതിഫലിപ്പിക്കുന്നത്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ഈ പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് കണ്ടതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്.
ശക്തമായ അച്ഛൻ- മകൾ ബന്ധമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ ആണ് നായികയായി എത്തുന്നത്.
രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവ നിർവാണയാണ്. നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിക്കുന്നു.
സാഹി സുരേഷ് പ്രൊഡക്ഷൻ ഡിസൈനറും പ്രവീൺ പുഡി എഡിറ്ററുമായ ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ നരേഷ് ബാബു പി (സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ), സുരേഷ് (കോ-ഡയറക്ടർ), ശ്രീനിവാസ് രാജു (മേക്കപ്പ്), രാജേഷ് (വസ്ത്രാലങ്കാരം) എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

