തുർക്കി സന്ദർശനവേളയിൽ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ഒഴിവാക്കിയെന്ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോ ഉച്ചകോടിക്കുശേഷം അങ്കറയിൽ നിന്നും ബ്രിട്ടനിലേക്കുള്ള യാത്രയിലാണ് സുരക്ഷാ കാരണങ്ങളാൽ ട്രംപ് തന്ത്രപരമായ നീക്കം നടത്തിയത്.
ഇറാൻ ആക്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഈ അപ്രതീക്ഷിത നടപടി. യുഎസ് സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും കർശന നിർദ്ദേശപ്രകാരമാണ് യാത്രാപദ്ധതിയിൽ മാറ്റം വരുത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങൾക്കായി പുറത്തുവരാത്ത നിരവധി സുരക്ഷാ ഭീഷണികൾ തനിക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും, സീക്രട്ട് സർവീസും സൈന്യവും തന്നെ മറ്റൊരു വിമാനത്തിൽ യാത്രയാക്കാൻ ആഗ്രഹിച്ചതായും മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. അവർ പറയുന്ന നിർദ്ദേശങ്ങൾ താൻ അനുസരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്കറയിലെ വ്യോമത്താവളത്തിൽ മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ കൈവീശിക്കാണിച്ചുകൊണ്ട് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലേക്ക് കയറിയ ട്രംപ്, നിമിഷങ്ങൾക്കകം വിമാനത്തിന്റെ മറ്റൊരു രഹസ്യ വാതിലിലൂടെ രഹസ്യമായി പുറത്തിറങ്ങുകയായിരുന്നു. അവിടെ വിമാന വാതിലിന്റെ അതേ ഉയരത്തിൽ സജ്ജീകരിച്ചിരുന്ന കേറ്ററിങ് ട്രക്കിലേക്ക് അദ്ദേഹം മാറി കയറി.
ഭക്ഷണസാധനങ്ങളുമായി റൺവേയിലൂടെ നീങ്ങിയ ആ ട്രക്കിൽ യുഎസ് പ്രസിഡന്റ് ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. അല്പം അകലെയായി തയ്യാറുകൂട്ടി നിർത്തിയിട്ടിരുന്ന എയർഫോഴ്സ് സി32 എ സൈനിക വിമാനത്തിന് സമീപം ട്രക്ക് എത്തിയ ഉടൻ ട്രംപ് അതിലേക്ക് പ്രവേശിച്ചു.
ട്രംപ് വിമാനത്തിനകത്ത് ഉണ്ടെന്ന ധാരണയിൽ യഥാർത്ഥ എയർഫോഴ്സ് വൺ ആകാശത്തേക്ക് പറന്നുയർന്നു. എന്നാൽ മാധ്യമസംഘമോ വൈറ്റ് ഹൗസ് ജീവനക്കാരോ ഈ മാറ്റം തിരിച്ചറിഞ്ഞതേയില്ല.
ടേക്ക് ഓഫ് നടക്കുകയാണെന്നും സുരക്ഷയുടെ ഭാഗമായി വിൻഡോ ഷെയ്ഡുകൾ താഴ്ത്തിപ്പിടിക്കണമെന്നും ഉള്ള നിർദ്ദേശം കാരണം പുറത്ത നടന്ന സംഭവവികാസങ്ങൾ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. യുകെയിലെ മിൽഡൽഹോളിൽ ആദ്യം ലാൻഡ് ചെയ്ത എയർഫോഴ്സ് വണ്ണിലേക്ക്, പിന്നാലെയെത്തിയ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്ത ട്രംപ് ആരുടെ കണ്ണിലും പെടാതെ രഹസ്യമായി മാറിക്കയറുകയായിരുന്നു.
തുടർന്ന് കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് മുന്നിലൂടെ അദ്ദേഹം ഊർജ്ജസ്വലതയോടെ പടികൾ ഇറങ്ങിവരികയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

