ആഘോഷങ്ങൾ നിറയേണ്ട വിവാഹവീട്ടിൽ മരണത്തിന്റെ നിഴൽ വീണതിന്റെ നടുക്കത്തിലാണ് അഴീക്കോട് പ്രദേശം.
ബെംഗളൂരുവിൽ നിന്നു സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച ഷാൻ സിറാജ് വാഹനാപകടത്തിൽ മരണപ്പെട്ടത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. തന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെ പഠനകാലം മുതലുള്ള സുഹൃത്തുക്കളോടൊപ്പമാണ് ഷാൻ യാത്ര തിരിച്ചത്.
മട്ടന്നൂരിൽ എത്തിയപ്പോൾ താൻ വീട്ടുകാർക്ക് സമീപത്തെത്തിയതായി ഷാൻ സിറാജ് ഫോണിലൂടെ അറിയിച്ചിരുന്നു. വിവാഹച്ചടങ്ങുകൾ നടക്കേണ്ടിയിരുന്ന റിയാസിന്റെ വീട്ടിൽ വധുവിന്റെയും വരന്റെയും സന്തോഷനിമിഷങ്ങൾക്കു പകരം എത്തിയത് ഷാനിന്റെ ചേതനയറ്റ ശരീരമായിരുന്നു.
നിശ്ചയിച്ചിരുന്ന വിവാഹച്ചടങ്ങുകൾ ഇതിനെത്തുടർന്ന് മാറ്റിവച്ചു. തുടർന്ന് മൃതദേഹം പൊതുദർശനത്തിനായി വെച്ചശേഷം വിലാപയാത്രയായി ഷാനിന്റെ വസതിയിലെത്തിച്ചു.
ചക്കരപ്പാറ ജുമാ മസ്ജിദിലെ ജനാസ നമസ്കാരത്തിന് ശേഷം പള്ളിയാംമൂല കബർസ്ഥാനിൽ വച്ച് സംസ്കാരം നടന്നു. ബെംഗളൂരുവിൽ നിന്നുള്ള സുഹൃത്തുക്കളും നൂറുകണക്കിന് നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
അപകടസ്ഥലത്തെ ദൃക്സാക്ഷികൾ
സംഭവസമയത്ത് അടുത്തുള്ള കടയുടെ മുകൾനിലയിൽ ഫുട്ബോൾ മത്സരം കാണാനിരുന്ന യുവാക്കളാണ് അപകടത്തിന്റെ ഭീകരമായ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയത്. കാർ മരത്തിലിടിച്ച ഉടൻ തന്നെ പുക ഉയരുന്നത് കണ്ട
യുവാക്കൾ, വീടുകളിൽ നിന്ന് വെള്ളമെത്തിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചത്.
തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുത്തത്. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ ഭാഗങ്ങൾ സമീപത്തെ പറമ്പിലേക്ക് തെറിച്ചു വീണിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്കും ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

