ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ കപ്പലായ ഐഎൻഎസ് സംശോധക് കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെത്തി. സർവേ വെസൽ ലാർജ് (SVL) ശ്രേണിയിൽ ഉൾപ്പെടുന്ന നാലാമത്തെ കപ്പലാണിത്.
കൊച്ചിയിലെത്തിയ കപ്പലിന് നാവികസേനയുടെ പരമ്പരാഗത രീതിയിലുള്ള ജലപീരങ്കി അഭിവാദ്യവും നേവി ബാൻഡിന്റെ അകമ്പടിയോടെ വിപുലമായ സ്വീകരണവുമാണ് നൽകിയത്. നാവികസേനാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഈ സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ഇന്ത്യയിൽ തന്നെ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ കപ്പൽ ജൂൺ 21-നാണ് കൊൽക്കത്തയിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മൂന്ന് മുൻനിര നാവിക പ്ലാറ്റ്ഫോമുകൾക്കൊപ്പം ഈ കപ്പലും കമ്മീഷൻ ചെയ്യുകയായിരുന്നു.
ഐഎൻഎസ് ഇക്ഷകിന് ശേഷം ദക്ഷിണ നാവിക കമാൻഡിന്റെ ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണത്തിന് കീഴിൽ വരുന്ന രണ്ടാമത്തെ വലിയ സർവേ കപ്പലാണിത്. കമ്മീഷനിംഗിന് ശേഷം കൊൽക്കത്തയിൽ നിന്ന് കന്നിയാത്ര ആരംഭിച്ച കപ്പൽ വിശാഖപട്ടണം, ചെന്നൈ തുറമുഖങ്ങൾ സന്ദർശിച്ച ശേഷമാണ് കൊച്ചിയിൽ നങ്കൂരമിട്ടത്.
സമുദ്ര ഗവേഷണത്തിനും സർവേകൾക്കുമായി അത്യാധുനിക ഹൈഡ്രോഗ്രാഫിക്, ഓഷ്യനോഗ്രാഫിക് സംവിധാനങ്ങൾ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹെലികോപ്റ്റർ ലാൻഡിംഗിനുള്ള സൗകര്യവും കപ്പലിലുണ്ട്.
പ്രാഥമികമായി ഒരു സർവേ കപ്പലാണെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും, ആവശ്യമെങ്കിൽ ആശുപത്രി കപ്പലാക്കി മാറ്റാനും ഇതിന് സാധിക്കും. ഐഎൻഎസ് സംശോധകിന്റെ വരവ് നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയ കപ്പൽ നിർമ്മാണ മേഖലയ്ക്ക് വലിയൊരു നേട്ടം കൂടിയാണ്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്വാധീനവും സമുദ്ര സുരക്ഷയും ഉറപ്പാക്കാൻ ഈ കപ്പൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

