സ്മാർട്ട്ഫോൺ ബാറ്ററിയുടെ പ്രവർത്തനക്ഷമത കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതിൽ വർധിച്ചിട്ടുണ്ടെങ്കിലും, പല ഉപയോക്താക്കളും ഉച്ചയാകുന്നതിന് മുൻപ് തന്നെ ചാർജിംഗിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
ഫോണിലെ ബാറ്ററി ശേഷി കുറവായതുകൊണ്ടല്ല മറിച്ച്, ഉപയോഗം നിർത്തിയതിന് ശേഷവും പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ അനാവശ്യമായി ഊർജം ഉപയോഗിക്കുന്ന ആപ്പുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആൻഡ്രോയിഡിന്റെ അഡാപ്റ്റീവ് ബാറ്ററി (Adaptive Battery) എന്ന ഫീച്ചറിനെക്കുറിച്ച് പലർക്കും അറിവില്ല.
ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒട്ടുമിക്ക ആപ്പുകളും നാം ദിവസവും ഉപയോഗിക്കാറില്ല. വാട്സാപ്പ്, സ്ലാക്ക് തുടങ്ങിയ നിത്യോപയോഗ ആപ്പുകൾക്ക് പുറമെ, യാത്രകൾക്കും ഷോപ്പിംഗിനുമായി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ പോലും പശ്ചാത്തലത്തിൽ പ്രവർത്തിച്ച് ഡാറ്റാ സിങ്ക് ചെയ്യുകയും അപ്ഡേറ്റുകൾ പരിശോധിക്കുകയും ചെയ്യുന്നു.
ഇവ ഓരോന്നും ചെറിയ തോതിലാണ് ബാറ്ററി ഉപയോഗിക്കുന്നതെങ്കിലും, മൊത്തത്തിൽ കണക്കാക്കുമ്പോൾ വലിയൊരു ശതമാനം ചാർജ് കുറയാൻ ഇത് കാരണമാകുന്നു. പ്രവർത്തനരീതി
ആൻഡ്രോയിഡ് സിസ്റ്റത്തിലെ അഡാപ്റ്റീവ് ബാറ്ററി സംവിധാനം ഉപയോക്താവിന്റെ ശീലങ്ങൾ പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്.
നാം സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകൾ ഏതെന്നും, അല്ലാത്തവ ഏതെന്നും സിസ്റ്റം തിരിച്ചറിയുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകൾക്ക് യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുകയും, അപൂർവ്വമായി മാത്രം ഉപയോഗിക്കുന്നവയുടെ പശ്ചാത്തല പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇതിനായി പ്രത്യേകമായി ആപ്പുകൾ ബ്ലോക്ക് ചെയ്യുകയോ മാനുവലായി ക്രമീകരിക്കുകയോ ചെയ്യേണ്ടതില്ല. സിസ്റ്റം സ്വയം ഈ പ്രക്രിയ നിർവഹിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ഫീച്ചർ ഓൺ ചെയ്ത ഉടൻ തന്നെ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന രീതി മനസ്സിലാക്കാൻ കുറച്ചു ദിവസങ്ങൾ ആവശ്യമാണ്. ആദ്യ ദിവസങ്ങളിൽ സിസ്റ്റം നിങ്ങളുടെ ആപ്പ് ഉപയോഗ രീതികൾ പഠിക്കുകയും പിന്നീട് അനാവശ്യ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിച്ച് ബാറ്ററി ആയുസ്സ് വർധിപ്പിക്കുകയും ചെയ്യുന്നു.
ഈ സംവിധാനം ഉപയോഗിക്കുന്നതുകൊണ്ട് ഫോണിന്റെ പ്രവർത്തനക്ഷമതയിലോ നോട്ടിഫിക്കേഷനുകളിലോ യാതൊരു കുറവും അനുഭവപ്പെടില്ല. വളരെ ലളിതമായ ഒരു ക്രമീകരണം വഴി സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് നിലനിർത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന മേന്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

