ശബരിമല മണ്ഡലകാലത്ത് സേവനം അനുഷ്ഠിക്കുന്നതിനായി ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വിട്ടുനൽകുന്നതിൽ നിലനിൽക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.
റീന ദേവസ്വം കമ്മിഷണർക്ക് കത്ത് നൽകി. മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് ശബരിമലയിൽ മതിയായ താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭ്യമല്ലെന്നും, യാത്രാബത്ത അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു.
മണ്ഡല, മകരവിളക്ക് കാലയളവിൽ ആരോഗ്യവകുപ്പിൽ നിന്നും 500-ലധികം ഡോക്ടർമാരെയും 300-ലധികം നഴ്സിംഗ് ഓഫീസർമാരെയും 800-ഓളം മറ്റ് ജീവനക്കാരെയുമാണ് വിവിധ ജില്ലകളിൽ നിന്നും നിയോഗിക്കുന്നത്. കൂടാതെ, ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൂറോളം ഡോക്ടർമാരെയും ഇക്കാലയളവിൽ ശബരിമല ഡ്യൂട്ടിക്കായി വിട്ടുനൽകുന്നുണ്ട്.
മാസപൂജകൾക്കായി 20 പേരടങ്ങുന്ന സംഘത്തെ പ്രത്യേകമായും നിയോഗിക്കുന്നു. ഇത്തരം നടപടികൾ ആരോഗ്യവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും, ഡോക്ടർമാർ ആശുപത്രികളിൽ നിന്ന് വിട്ടുനിൽക്കുന്നത് രോഗീ പരിചരണത്തെയും ചികിത്സാ സേവനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ദേവസ്വം വകുപ്പിന്റെ നേതൃത്വത്തിൽ തന്നെ ശബരിമലയ്ക്കായി പ്രത്യേക ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും കണ്ടെത്തി നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.
ജയകുമാർ പ്രതികരിച്ചു. “ഡിഎച്ച്എസിന്റെ കത്ത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച നടത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പ്രതികരിച്ചു.
വിഷയം സർക്കാരിനെ അറിയിക്കും. വകുപ്പുതലത്തിൽ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.
മറ്റു വിഷയങ്ങൾ സർക്കാരിന്റെ പരിഗണയ്ക്കു നൽകുമെന്നും കെ.ജയകുമാർ അറിയിച്ചു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

