കൂറ്റനാട് പരിസരത്ത് ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് സ്വന്തം കാർ തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ എറണാകുളം കുമാരപുരം പള്ളിക്കര വടക്കേക്കര വീട്ടിൽ താജുദ്ദീൻ (36) എന്നയാളെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കറുകപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപമാണ് സംഭവം അരങ്ങേറിയത്. റോഡരികിൽ കാർ കത്തുന്നതു കണ്ട
നാട്ടുകാർ ഉടൻ തന്നെ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പട്ടാമ്പിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചിരുന്നു.
തുടർന്ന് ചാലിശ്ശേരി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തിരുമിറ്റക്കോട് സ്വദേശിയായ ഭാര്യയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും, ഇതിന്റെ തുടർച്ചയായാണ് കാർ അഗ്നിക്കിരയാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
പൊതുസ്ഥലത്ത് ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം വാഹനം കത്തിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർനടപടികളുടെ ഭാഗമായി പ്രതിയെ പട്ടാമ്പി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

