ബിഹാറിലെ ഹാജിപൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ അജ്ഞാതരുടെ കല്ലേറ്. ദില്ലിയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് സർവീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.
ട്രെയിൻ ഹാജിപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നതായാണ് റിപ്പോർട്ടുകൾ.
മോഹൻ ഭഗവത് സഞ്ചരിച്ചിരുന്നത് ട്രെയിനിലെ ഇ-1 കോച്ചിലായിരുന്നു. എന്നാൽ, തകർന്നത് ഈ കോച്ചിന്റെ ചില്ല് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞയുടൻ ആർപിഎഫും ലോക്കൽ പോലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പ്രതികളെ കണ്ടെത്താൻ റെയിൽവേ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഈ ആക്രമണം മോഹൻ ഭഗവത്-നെ ലക്ഷ്യമിട്ടാണോ എന്ന് വ്യക്തമല്ല. രാജ്യത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെയുള്ള ഇത്തരം കല്ലേറ് സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
എന്നാൽ മിക്ക കേസുകളിലും പ്രതികളെ പിടികൂടുന്നത് പോലീസിന് വലിയ വെല്ലുവിളിയാകാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

