പെരുമ്പാവൂർ മേഖലയിലെ നിർമ്മാണ മേഖലയിൽ അതിഥിത്തൊഴിലാളികളുടെ കൂലി വർധനയുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. നിലവിൽ മേസ്തിരിമാർക്ക് 1100 രൂപയും സഹായികൾക്ക് 900 രൂപയുമാണ് കൂലിയായി നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ, ഇതിൽ നിന്നും വിഭിന്നമായി മേസ്തിരിമാർ 1500 രൂപയും സഹായികൾ 1300 രൂപയും ആവശ്യപ്പെടുന്നതാണ് കരാറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിർമ്മാണ കരാറുകാരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസം, ബംഗാൾ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികൾ മടങ്ങിയ സമയത്തുണ്ടായ തൊഴിലാളി ക്ഷാമം മുതലെടുത്ത് കൂലി വർധിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. സർക്കാർ നിശ്ചയിച്ച പ്രകാരം മേസ്തിരിമാർക്ക് 935 രൂപയും സഹായികൾക്ക് 845 രൂപയുമാണ് നൽകേണ്ടത്.
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും നികുതി വർധനയും മൂലം ഈ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായ കൂലി വർധന കരാറുകാർക്ക് വലിയ ബാധ്യത വരുത്തുന്നു.
കൂലി നിരക്കിൽ സർക്കാർ തലത്തിലോ തദ്ദേശ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നോ ഏകീകൃത ഉത്തരവ് അടിയന്തരമായി ഉണ്ടാകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കൂലി വർധനവിനൊപ്പം തന്നെ തൊഴിലിടങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികളും മൈക്ക് അനൗൺസ്മെന്റുകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിക്കും. അധികൃതർക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്.
അസോസിയേഷൻ ഭാരവാഹികളായ ടി.വി.അലിയാർ (പ്രസിഡന്റ്), റഷീദ് കൂളിയാടൻ (ജനറൽ സെക്രട്ടറി), ഷഫീഖ് തേക്കലക്കുടി (ട്രഷറർ) എന്നിവർ യോഗത്തിൽ സംസാരിച്ചു. വിഷയത്തിൽ തൊഴിൽ മന്ത്രിയുടെയും ലേബർ കമ്മിഷണറുടെയും അടിയന്തര ഇടപെടൽ തേടുമെന്ന് മനോജ് മൂത്തേടൻ എംഎൽഎ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

