വാഷിംഗ്ടൺ കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന സൈനിക സമ്മർദ്ദങ്ങൾ ഇറാനെ ഒരു സമാധാന കരാറിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ട്രംപ് സൂചന നൽകുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം ഏറെ അനുകൂലമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, നിലവിൽ അമേരിക്കയേക്കാൾ കൂടുതൽ ഈ കരാറിനായി ആഗ്രഹിക്കുന്നത് ഇറാനാണെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ നിശ്ചയിച്ചിരുന്ന വ്യോമാക്രമണം അവസാന നിമിഷം ഒഴിവാക്കിയത് കരാറുമായി ബന്ധപ്പെട്ട പുരോഗതി കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണം നടത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇറാനെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്ക സ്വീകരിച്ച സൈനിക നടപടികൾ യുദ്ധത്തിൽ തങ്ങൾക്ക് മേൽക്കൈ നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
അമേരിക്കയുമായുള്ള കരാർ സംബന്ധിച്ച വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും, ഏതെങ്കിലും തരത്തിലുള്ള അന്തിമ തീരുമാനത്തിൽ ടെഹ്റാൻ എത്തിയിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖത്തറും പാകിസ്ഥാനും മധ്യസ്ഥശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും അമേരിക്കയുടെ നിലപാടുകൾ ചർച്ചകൾക്ക് തടസ്സമാകുന്നുണ്ടെന്ന് ഇസ്മായിൽ ബഗായ് കുറ്റപ്പെടുത്തി. അമേരിക്കൻ ഭരണകൂടം നിരന്തരം നിലപാടുകൾ മാറ്റുന്നത് നയതന്ത്ര ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്നു.
തങ്ങൾ നിശ്ചയിച്ചിട്ടുള്ള ചുവപ്പ് രേഖകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വക്താവ്, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രതിസന്ധികൾക്ക് കാരണം അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളാണെന്നും ചൂണ്ടിക്കാട്ടി. നേരത്തെ, ഇറാന്റെ പരമോന്നത നേതൃത്വം വ്യവസ്ഥകൾ അംഗീകരിച്ചതുകൊണ്ടാണ് ആക്രമണം റദ്ദാക്കിയതെന്ന് ഡോണൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് കരാർ സംബന്ധിച്ച വാദങ്ങൾ നിഷേധിച്ച് ഇറാൻ ഔദ്യോഗിക വിശദീകരണം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

